തോന്നിയപോലെ ബില്ലുകൾ; പൊല്ലാപ്പോ ജൽ ജീവൻ?

എടപ്പാൾ : എല്ലാവർക്കും കുടിവെള്ളമെത്തിക്കാനായി നടക്കുന്ന ജൽ ജീവൻ പദ്ധതിയുടെ ബില്ലുകൾ വന്നുതുടങ്ങിയതോടെ ജനങ്ങൾ ആശങ്കയിൽ കണക്ഷൻ കിട്ടാത്തവർക്കും ഉപയോഗിക്കാത്ത ജലത്തിനുമെല്ലാം ബിൽ വന്നതോടെ കണക്ഷനെടുക്കണോ എന്ന ആലോചനയിലാണ് പലരും. ഒരു ശൗചാലയം മാത്രമുള്ള എടപ്പാളിലെ ഒരു ഹോമിയോ ക്ലിനിക്കിന് ഏതാനും ദിവസത്തേക്ക് മീറ്റർവാടകയിനത്തിൽ 1348, സർച്ചാർജ്52, ദ്വൈമാസ വാട്ടർചാർജ് 420 എന്നിവയടക്കം 1824 രൂപയുടേതാണ് ബിൽ.
മറവഞ്ചേരിയിലെ മുഹമ്മദ് എന്നയാൾക്ക് ഇതേരീതിയിൽ 1140 രൂപയുടെ ബില്ലാണ് വന്നത്. ഇത്തരത്തിൽ പലർക്കും ആയിരവും അതിനുമുകളിലുമുള്ള ബില്ലുകൾ വന്നതോടെയാണ് ജനം സംശയദൃഷ്ടിയോടെ പദ്ധതിയെ കാണാൻ തുടങ്ങിയത്. ഉപയോഗിച്ചാൽ മാത്രം പണം നൽകിയാൽ മതിയെന്നും അല്ലാത്തവർക്ക് പണം വേണ്ടെന്നുമായിരുന്നു തദ്ദേശസ്ഥാപന അധികാരികളും വാട്ടർ അതോറിറ്റി അധികൃതരുമെല്ലാം നൽകിയ അറിയിപ്പ്. ഇതു വിശ്വസിച്ചാണ് പലരും
വെള്ളത്തിന് അത്യാവശ്യക്കാരല്ലാതിരുന്നിട്ടും കണക്ഷൻ എടുത്തത്. ആവശ്യംവന്നാൽ ഉപയോഗിക്കാമെന്ന മുൻകരുതലിലാണ് ഭൂരിഭാഗവും ഇതുചെയ്തത്. എന്നാൽ കണക്ഷൻ കിട്ടി ദിവസങ്ങൾക്കകംതന്നെ ഭീമമായ ബില്ലുകൾ കൈയിൽ കിട്ടിയതോടെ പലരും ഞെട്ടിയിരിക്കുകയാണ്. മാത്രമല്ല ഈ വിവരമറിഞ്ഞ് കണക്ഷൻ കിട്ടാത്ത പലരും ഇതു വേണ്ടെന്നുവെക്കാനുള്ള ആലോചനയിലുമാണ്.
കണക്ഷൻ എടുക്കുന്നവർക്ക് രണ്ടുമാസത്തേക്ക് 88 രൂപയാണ് ചാർജെന്ന് വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞു. പത്തുകിലോലിറ്റർ വെള്ളം ഉപയോഗിക്കാം. അതിനു മുകളിലുള്ള ഉപയോഗത്തിനു മാത്രമാണ് കൂടുതൽ തുക വരിക. ഇപ്പോൾ വന്നിട്ടുള്ളത് ജിയോ ടാഗ് ചെയ്യുമ്പോഴുണ്ടാകുന്ന പ്രശ്നമാകുമെന്നും ബില്ലുമായി വന്നാൽ ഇതു പരിശോധിച്ച് പരിഹരിച്ചുനൽകുമെന്നും എടപ്പാൾ വാട്ടർ അതോറിറ്റിയിലെ ബില്ലിങ് വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.
