ഡ്രഡ്ജർ എവിടേക്കാണ് പോയത്..? പൊന്നാനി തുറമുഖം ഇല്ലാതായതിനു പിന്നിലെ ദുരൂഹതകൾ തേടുന്നു

പൊന്നാനി: തുറമുഖത്തിന്റെ ആഴം കൂട്ടാൻ 1969 ഏപ്രിൽ ഒന്നിന് പൊന്നാനിയിലേക്കു വന്ന ഡ്രഡ്ജറിന് പിന്നെ എന്തു സംഭവിച്ചു. പത്തേമാരിത്തൊഴിലാളികളുടെയും കച്ചവടക്കാരുടെയും നാട്ടുകാരുടെയും മുറവിളികൾക്കൊടുവിൽ പൊന്നാനി തുറമുഖത്തെ വീണ്ടെടുക്കാൻ അന്ന് ബേപ്പൂരിൽ നിന്ന് കൊണ്ടുവന്ന ‘നീണ്ടകര’, ‘ബേപ്പൂർ’ ഡ്രഡ്ജറുകൾ ഒരു വർഷത്തോളം പൊന്നാനിയിൽ ആഴം കൂട്ടാൻ മണ്ണെടുത്തുവെന്നാണ് തുറമുഖ വകുപ്പിന്റെ പഴയ രേഖകളിലുള്ളത്. ഡ്രഡ്ജർ എത്തുമ്പോൾ തുറമുഖത്തുണ്ടായിരുന്ന ആഴത്തിൽ നിന്ന് കാര്യമായ മാറ്റം തൊട്ടുപിന്നാലെയുള്ള വർഷങ്ങളിലെ ഫയലുകൾ പരിശോധിക്കുമ്പോൾ കാണുന്നില്ല.
ആഴം 0.7 മീറ്റർ എന്ന നിലയിലെത്തി നിൽക്കുമ്പോഴാണ് ഉരുവും പത്തേമാരിയുമെല്ലാം ഇൗ തുറമുഖം വിട്ടു പോകുന്നത്. ആഴം കൂട്ടാൻ 2 ഡ്രഡ്ജറുകൾ വന്നുവെന്ന് പറയുന്നിടത്ത് പഴയതിനെക്കാൾ ആഴം കുറഞ്ഞ അവസ്ഥയിലേക്ക് തുറമുഖമെത്തി. മണൽത്തിട്ട അടിഞ്ഞു കൂടി പൊന്നാനി തുറമുഖത്തിന്റെ ഭാവി അവസാനിച്ചു. തുറമുഖത്തെ ചരക്കിറക്കുമതിയും നിലച്ചു. അർധരാത്രിയിലും ഉണർന്നിരുന്ന പൊന്നാനി അങ്ങാടിയും വണ്ടിപ്പേട്ടയും കസ്റ്റംസ്, പോർട്ട് ഓഫിസുകളും ഉറങ്ങി. കൊച്ചിക്കും ബേപ്പൂരിനും മുൻപ് പിറവിയെടുത്ത പൊന്നാനി തുറമുഖം കൊട്ടിയടയ്ക്കപ്പെട്ടതിന്റെ കാരണം തേടിയുള്ള അന്വേഷണം ഇവിടെ തുടങ്ങുകയാണ്.
ഡ്രഡ്ജർ എവിടേക്കാണ് പോയത്..?
കാലം ബാക്കിവച്ച ഒരു അടയാളത്തിൽ നിന്ന് പൊന്നാനി തുറമുഖത്തിന്റെ അസ്തമയ കാലത്തേക്കു കടന്നു ചെല്ലുകയാണ്. 1969ൽ ഡ്രഡ്ജ് ചെയ്തുവെന്ന് രേഖയിലുണ്ടെങ്കിലും അന്നത്തെ പത്തേമാരിത്തൊഴിലാളികൾക്കൊന്നും ഇത് ഓർമയില്ല. ആകെ ഡ്രഡ്ജിങ് നടന്നത് എഴുപതുകളുടെ അവസാനത്തിൽ മീന കപ്പൽ വന്നിട്ടാണെന്നും അതുതന്നെ പാതിവഴിയിൽ നിർത്തി പോവുകയാണുണ്ടായതെന്നും പൊന്നാനിയിലെ പത്തേമാരിത്തൊഴിലാളിയായിരുന്ന പുട്ടുമ്മാനകത്ത് കുഞ്ഞുമൊയ്തീൻ പറയുന്നു.
പത്തേമാരികൾ അടുത്തിരുന്ന പഴയ തുറമുഖത്തിന്റെ വാർഫിനോട് ചേർന്ന് മീൻപിടിത്ത ബോട്ടുകൾ നിർത്തിയിരിക്കുന്നു.
പത്തേമാരികൾ അടുത്തിരുന്ന പഴയ തുറമുഖത്തിന്റെ വാർഫിനോട് ചേർന്ന് മീൻപിടിത്ത ബോട്ടുകൾ നിർത്തിയിരിക്കുന്നു.
മീൻപിടിത്ത ബോട്ടുകൾക്കുവരെ മണൽ തിട്ട ഭീഷണിയായി വന്നപ്പോഴാണ് മീന കപ്പൽ ആഴം കൂട്ടാനെത്തിയത്. വാർഫിനടുത്തുവരെ പത്തേമാരിയും ഉരുവും അടുത്തിരുന്നതാണ്. ആഴം കുറഞ്ഞതോടെ പത്തേമാരികൾ കടലിൽ തന്നെ നങ്കൂരമിട്ടു. ചരക്കുനീക്കത്തിന് പകർച്ചത്തോണികളെ ആശ്രയിക്കേണ്ടി വന്നു. ഇൗ തുറമുഖത്തെ ചില ബാഹ്യ ശക്തികൾ ഇല്ലാതാക്കിയതാണെന്ന് പഴയ തൊഴിലാളികൾ പറയുന്നു.
തളർന്നതല്ല, തളർത്തിയത്
ഏറെ സാധ്യതകളുണ്ടായിരുന്ന പൊന്നാനി തുറമുഖത്തിന്റെ അവസാന 2 പതിറ്റാണ്ടുകാലം ദുരൂഹതകൾ നിറഞ്ഞതാണ്. ഓരോ വർഷത്തെയും അഡ്മിനിസ്ട്രേഷൻ റിപ്പോർട്ടിൽ ഇൗ തുറമുഖത്തിന്റെ ആഴക്കുറവിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. പക്ഷേ, ഒരിക്കൽപോലും ആഴം കൂട്ടൽ നടന്നില്ല. അവസാനത്തെ പത്തേമാരിയും ഇൗ നാടുവിട്ട് പോകുമ്പോൾ ഇൗ നാടിന്റെ സകല സാധ്യതകളും കൊട്ടിയടയ്ക്കപ്പെടുകയാണെന്നറിഞ്ഞിട്ടും വീണ്ടെടുപ്പിന് ആത്മാർഥമായ ശ്രമമുണ്ടായില്ല.
ഒരു ചരക്കുകപ്പലും വന്നില്ലെന്ന് റിപ്പോർട്ട് ചെയ്ത വർഷവും തൊട്ടടുത്ത വർഷവും തുറമുഖത്തിന്റെ പ്രവർത്തനം തൃപ്തികരമാണെന്ന് കൂടി എഴുതിച്ചേർത്തിരിക്കുന്നു. മണൽ അടിഞ്ഞുകൂടി നശിക്കാൻ പോകുന്ന തുറമുഖത്തിന്റെ പ്രവർത്തനം തൃപ്തികരമെന്ന് രേഖപ്പെടുത്തിയ ഉദ്യോഗസ്ഥ റിപ്പോർട്ടുകൾ അന്ന് ചോദ്യം ചെയ്യപ്പെട്ടില്ല.
സാധ്യതകൾ തുറന്നിട്ട കാലം..
കേരളത്തിൽ ഏറ്റവും നീളം കൂടിയ വാർഫ് പൊന്നാനി തുറമുഖത്തായിരുന്നു. 294 മീറ്ററായിരുന്ന നീളം. തമിഴ്നാടിന്റെ വലിയൊരു ഭാഗം പൊന്നാനിയെ ആശ്രയിച്ച് കച്ചവടം നടത്തി. മംഗളൂരു, മുംബൈ, ഗുജറാത്ത്, തൂത്തുക്കുടി തുടങ്ങിയ ഭാഗങ്ങളിലേക്ക് ചരക്ക് ഗതാഗതം മുടങ്ങാതെ നടന്നു. കസ്റ്റംസിന്റെയും തുറമുഖ വകുപ്പിന്റെയും ഗോഡൗണുകൾ ചരക്കുകൾ കൊണ്ട് നിറഞ്ഞിരുന്നു. ചരക്ക് കൊണ്ടുപോകുന്നതിനായി പല മേഖലകളിൽ നിന്ന് വണ്ടിപ്പേട്ടയിലേക്ക് കാളവണ്ടികൾ എത്തിയിരുന്നു. സമ്പന്നമായ ഇൗ തുറമുഖത്തെ തകർത്തത് 2 മാർഗങ്ങളിലൂടെയാണ്.
തകർച്ചയുടെ വഴികൾ..
മണൽത്തിട്ട നീക്കം ചെയ്യാതിരിക്കുക, ചരക്ക് നീക്കം ഇല്ലാതാക്കുക. ഇത് രണ്ടുമാണ് പൊന്നാനി തുറമുഖം നേരിട്ട വെല്ലുവിളികൾ. പൊന്നാനിയിലേക്ക് ചരക്ക് എത്തിക്കാൻ വ്യാപാരമേഖലയിൽ വലിയ ശ്രമങ്ങളുണ്ടായില്ല. അവസാനകാലത്ത് പാതി ചരക്കുമായും ചരക്കില്ലാതെയും ഉരുവിനും പത്തേമാരിക്കും പൊന്നാനിയിൽ നിന്ന് മടങ്ങേണ്ടി വന്നു. പൊന്നാനി തുറമുഖത്തേക്ക് ചരക്കെത്തിക്കാൻ വ്യാപാര മേഖലയിൽ ഇടപെടലുകളുണ്ടായില്ല. ചരക്ക് പരമാവധി കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും കേന്ദ്രീകരിച്ചു. കോയമ്പത്തൂർ, തിരുപ്പൂർ തുടങ്ങിയ മേഖലകളിലെ ചരക്ക് നീക്കത്തിന് ഏറ്റവും എളുപ്പം പൊന്നാനിയായിരുന്നിട്ടും ചരക്ക് തൂത്തുക്കുടിയിലേക്ക് കേന്ദ്രീകരിക്കപ്പെട്ടു.
“പത്തേമാരിക്കും കപ്പലിനും വന്നുപോകാൻ ഇത്ര സൗകര്യമുള്ള തുറമുഖം കേരളത്തിലുണ്ടായിരുന്നില്ല. അത്രയേറെ വിശാലമായ പുഴയും കടലും പൊന്നാനിക്കുണ്ടായിരുന്നു. മുംബൈയിലേക്ക് സ്ഥിരമായി ചരക്ക് കൊണ്ടുപോയിരുന്ന പത്തേമാരിയിലെ സ്രാങ്കായിരുന്നു ഞാൻ. പൊന്നാനി തുറമുഖത്തേക്ക് സൗകര്യപൂർവം പത്തേമാരി അടുപ്പിച്ചതുപോലെ മറ്റൊരു തുറമുഖത്തും അടുപ്പിക്കാൻ കഴിഞ്ഞിട്ടില്ല.” –
കുഞ്ഞിമൊയ്തീൻ മുൻ പത്തേമാരിത്തൊഴിലാളി
“അമേരിക്കയിൽ നിന്ന് പൊന്നാനിയിലേക്ക് ഗോതമ്പുമായി കപ്പൽ എത്തിയിട്ടുണ്ട്. മ്യാൻമർ, സിന്ധ്, ശ്രീലങ്ക തുടങ്ങിയ വിദേശ തുറമുഖങ്ങളുമായി ഇൗ തുറമുഖത്തിന് ബന്ധമുണ്ടായിരുന്നു. കോയമ്പത്തൂർ, തിരുപ്പൂർ തുടങ്ങിയ മേഖലകളുടെ വ്യാപാര സാധ്യത പൊന്നാനിക്ക് ഉപയോഗപ്പെടുത്താൻ കഴിയാതെ പോയത് വലിയ നഷ്ടമുണ്ടാക്കി. മണൽ തിട്ട നീക്കം ചെയ്യാത്തതും ചരക്ക് നീക്കം കുറഞ്ഞുവന്നതും തുറമുഖത്തിന്റെ ഭാവിയെ തകർത്തു.” – പി.കെ.കാദർ കുട്ടി റിട്ട.തുറമുഖ വകുപ്പ് വാർഫ് സൂപ്പർവൈസർ
