വളർത്തുനായയെ ബൈക്കിന് പിന്നിൽ കെട്ടിവലിച്ച് കൊടും ക്രൂരത; സംഭവം വിവാദമായി; യുവാവിനെതിരെ കേസ്..!

മലപ്പുറം:വളർത്തുനായയെ ബൈക്കിന് പിന്നിൽ കെട്ടിവലിച്ച് കൊടും ക്രൂരത. സംഭവം നടന്നത് നിലമ്പൂർ എടക്കരയിൽ. എടക്കര കരുനെച്ചി സേവ്യർ (40) നെതിരെ എടക്കര പോലീസ് കേസെടുത്തു. എടക്കര വെസ്റ്റ് പെരുങ്കുളത്താണ് കരുനെച്ചി സ്വദേശിയായ യുവാവ് കൊടും ക്രൂരത കാണിച്ചത്. നായയുടെ കഴുത്തിൽ കയർ കെട്ടി ഒരറ്റം സ്കൂട്ടറിൻ്റെ പിറകിലും കെട്ടിയാണ് നടുറോഡിലൂടെ വലിച്ചിഴച്ചത്.
ബൈക്കിൻ്റെ പിറകിൽ വേഗതയിൽ ഓടിയ നായ തളർന്ന് വീണിട്ടും ക്രൂരത തുടർന്നതായി നാട്ടുകാർ. ഇന്ന് ഉച്ചക്ക് നടുറോഡിൽ നല്ല വെയിലുള്ള സമയത്താണ് സംഭവം. വെസ്റ്റ് പെരുങ്കുളം മുതൽ മുസ്ല്യാരങ്ങാടി വരെ മൂന്ന് കിലോമീറ്റർ സഞ്ചരിച്ചതോടെ നാട്ടുകാർ ബൈക്ക് തടഞ്ഞാണ് ക്രൂരത അവസാനിപ്പിച്ചത്.
നായക്ക് കാലിന് പരിക്കുണ്ട്. വീടിന് പുറത്തിടുന്ന ചെരിപ്പ് കടിച്ച് ശല്യം ചെയ്തതിനാണ് ക്രൂരത ചെയ്തതെന്ന് യുവാവ്. സംഭവം വിവാദമായതോടെ വീട് പൂട്ടി പോയ യുവാവിനെ പോലീസെത്തി തിരികെ വിളിപ്പിച്ചു. ഇന്ന് രാത്രി ഏഴ് മണിയോടെ എമർജൻസി ഫയർ ആൻ്റ് റസ്ക്യൂ ടീമെത്തി നായക്ക് മുറിവുള്ള ഭാഗത്ത് മരുന്ന് വെച്ച് നിലമ്പൂരിലേക്ക് കൊണ്ടുപോയി.
