ബിയ്യം പാർക്കിൽ ഉപകരണങ്ങൾ പ്രവർത്തിക്കുന്നില്ല, പലതും തുരുമ്പെടുക്കുന്നു

എടപ്പാൾ: പെരുന്നാളും വേനലവധിയും ആഘോഷിക്കാനായി കുട്ടികളുമൊത്ത് ബിയ്യം കായലോരത്തെ പാർക്കിലെത്തിയാൽ കുട്ടികൾക്കും കൂടെയെത്തുന്ന രക്ഷിതാക്കൾക്കും നിരാശ. കുട്ടികളുടെ മിക്ക കളി ഉപകരണങ്ങളും കാലപ്പഴക്കത്താൽ തുരുമ്പെടുത്തു തുടങ്ങിയിരിക്കുന്നു.
ചില ഉപകരണങ്ങളിൽ കുട്ടികൾ കയറി കളിക്കാതിരിക്കാൻ പ്ലാസ്റ്റിക് കയറുകൊണ്ട് കെട്ടിയും ഷീറ്റ് ഉപയോഗിച്ചും തടസ്സം സൃഷിടിച്ചിട്ടുണ്ട്. ഉപകരണങ്ങൾ തകരാറിയതിനാൽ കുട്ടികൾ കയറിയാൽ അപകടം ഉണ്ടാവാതിരിക്കാനാണിത്. കോവിഡ് അടച്ചുപൂട്ടലുകൾക്കുശേഷം ബിയ്യം പാർക്ക് തുറക്കുമ്പോൾ ആവശ്യമായ മുന്നൊരുക്കങ്ങളൊന്നും നടത്തുന്നതിന് ബന്ധപ്പെട്ട അധികൃതർ തയ്യാറായിട്ടില്ല. പാർക്കിലെ ഇരിപ്പിടങ്ങൾക്കും സ്റ്റേജിനും താഴെയായി പുല്ല് മുളച്ചു പൊന്തിയിട്ടുണ്ട്. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലായിരുന്നു (ഡി.ടി.പി.സി) ബിയ്യം പാർക്ക് സജ്ജീകരിച്ചത്. ജില്ലയിലെതന്നെ അറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ബിയ്യം.
