വോട്ടെണ്ണൽ മേശകൾ ഇരട്ടി; ഫലസൂചന നേരത്തേ വന്നേക്കും


കേരള: വോട്ടണ്ണലിനു കോവിഡ് നിയന്ത്രണം കർശനമാക്കുമെങ്കിലും വോട്ടെണ്ണൽമേശകളുടെ എണ്ണം ഇരട്ടിയാക്കിയതിനാൽ ഫലസൂചന ഇത്തവണ പതിവിലുംനേരത്തേ ലഭിച്ചേക്കും. മുൻവർഷങ്ങളിൽ ഒരുകേന്ദ്രത്തിൽ ഒരേസമയം 14 ബൂത്തുകളിലെ വോട്ടാണ് എണ്ണിയിരുന്നത്.
ഇത്തവണ അത് 28 ആയി വർധിപ്പിക്കാനാണ് തിരഞ്ഞെടുപ്പുകമ്മിഷന്റെ നിർദേശം.
വോട്ടെണ്ണുന്നതിനായി മുൻപ് ഒരുഹാളിൽ 14 മേശകൾ ഇട്ടിരുന്നു. ഇത്തവണ ഒരുകേന്ദ്രത്തിൽ നാലു ഹാളുകളിലാണ് വോട്ടെണ്ണുക. ഒരിടത്ത് ഏഴു മേശകൾവീതം. അതിനാൽ 28 ബൂത്തുകളിലെ വോട്ടിങ് യന്ത്രങ്ങൾ ഒരേസമയം എടുക്കാം.

നടപടിക്രമങ്ങൾ പൂർത്തിയാക്കി പരാമവധി അഞ്ചുമിനിറ്റിനകം ഒരുബൂത്തിലെ ഫലംകിട്ടും. കമ്മിഷന്റെ വെബ് സൈറ്റിൽ വോട്ടെണ്ണൽ കേന്ദ്രത്തിൽനിന്നുതന്നെ ഫലം ചേർത്തുവിടും.
ആദ്യത്തെ അര-മുക്കാൽ മണിക്കൂറിനകം ഒരു മണ്ഡലത്തിലെ പകുതി ബൂത്തുകളിലെ വോട്ടെണ്ണാമെന്നാണു പ്രതീക്ഷിക്കുന്നത്.
ശരാശരി 300 ബൂത്തുകളാണ് ഓരോ മണ്ഡലത്തിലും. ഓരോഹാളിലും ഉപവരണാധികാരിക്കാണു വോട്ടെണ്ണലിന്റെ ചുമതല.
നിലവിൽ എല്ലാ മണ്ഡലങ്ങളിലും രണ്ട് ഉപവരണാധികാരികളേയുള്ളൂ. വോട്ടണ്ണുന്നതിനായി രണ്ടുപേരെക്കൂടി നിയോഗിക്കും. തപാൽവോട്ട് വരണാധികാരിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് എണ്ണുന്നത്. അതുകൊണ്ട്, യന്ത്രത്തിലെ വോട്ടെണ്ണുന്നതിനെ ബാധിക്കില്ല.
കോവിഡ് നിയന്ത്രണങ്ങൾപാലിച്ച് ബിഹാറിൽ വോട്ടെണ്ണിയതു കഴിഞ്ഞ നവംബറിലാണ്. അവിടെ നടപ്പാക്കിയ രീതിയാണ് നിർദേശിച്ചിരിക്കുന്നത്. വോട്ടെണ്ണൽമേശകൾ കൂട്ടിയിട്ടും ബിഹാറിൽ ഫലപ്രഖ്യാപനം ഏറെ വൈകിയിരുന്നു. എന്നാൽ, പരിചയസമ്പന്നരായ ധാരാളം ഉദ്യോഗസ്ഥരുള്ളതിനാൽ കേരളത്തിൽ പരിഷ്കാരം ഫലപ്രദമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
