KERALA

ദേശീയ പണിമുടക്ക് മനുഷ്യന്റെ മൗലികാവകാശങ്ങൾ തടസ്സപ്പെട്ടു; വി.ഡി സതീശൻ

തിരുവനന്തപുരം: ബന്ദിനെയും ഹര്‍ത്താലിനെയും എതിര്‍ക്കുന്ന നിലപാടാണ് നേരത്തെ തന്നെ സ്വീകരിച്ചിട്ടുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രണ്ട് ദിവസത്തെ പണിമുടക്ക് കേരളത്തില്‍ ബന്ദിനും ഹര്‍ത്താലിനും സമാനമായി. മനുഷ്യന്റെ മൗലികാവകാശങ്ങള്‍ നിഷേധിക്കുന്ന ഒരു സമരപരിപാടികള്‍ക്കും എതിരായ നിലപാടാണ് പ്രതിപക്ഷത്തിന്റേത്.

പണിമുടക്കില്‍ ഇഷ്ടമുള്ളവര്‍ക്ക് പണിമുടക്കാം. ആരെയെങ്കിലും നിര്‍ബന്ധിച്ചോ ഭീഷണിപ്പെടുത്തിയോ പണിമുടക്കിപ്പിക്കുന്ന നിലപാടിനോട് യോജിപ്പില്ല. ബന്ധപ്പെട്ടവര്‍ക്ക് അതുസംബന്ധിച്ച നിർദേശം നല്‍കും. മാധ്യമ സ്ഥാപനത്തിലേക്ക് മാര്‍ച്ച നടത്തുന്നത് അസഹിഷ്ണുതയുടെ ഭാഗമായാണ്.

മാധ്യമങ്ങള്‍ എല്ലാവരെയും വിമര്‍ശിക്കുന്നുണ്ട്. എതിരായി വര്‍ത്ത വന്നാല്‍ മാധ്യമ സ്ഥാപനങ്ങള്‍ക്ക് മുന്നിലേക്ക് സമരം നടത്തുന്നതിനോട് യോജിക്കാനാകില്ല. ഐ.എന്‍.ടി.യു.സി നേതാക്കളുമായി ഇക്കാര്യം സംസാരിക്കും. നിലപാടില്‍ വെള്ളം ചേര്‍ക്കില്ല. ആശുപത്രിയില്‍ പോകേണ്ടെന്നും സ്‌കൂളില്‍ പേകേണ്ടെന്നും സംഘടിതരായി ആരും വന്ന് പറയുന്നതും ശരിയല്ല.

റോഡിലിറങ്ങുന്നവന്റെ കരണത്തടിക്കാനും തലയില്‍ തുപ്പാനും ആര്‍ക്കും സ്വാതന്ത്ര്യമില്ല. ഇതാണോ മുഖ്യമന്ത്രി പറയുന്ന നവകേരളം എന്ന് അദ്ദേഹം വ്യക്തമാക്കണം. ഇനി ഇത്തരം പണിമുടക്കുകള്‍ വന്നാല്‍ ഐ.എന്‍.ടിയുസിക്ക് കൃത്യമായ നിർദേശം നല്‍കും. ദേശീയ തലത്തിലുള്ള സമരമായതുകൊണ്ടാണ് ഇക്കാര്യത്തില്‍ നിർദേശം നല്‍കാതിരുന്നത്. ഇത്തരം സമരങ്ങള്‍ സാധാരണമാണ്.

എന്നാല്‍, സമരത്തിന്റെ പേരില്‍ തെരുവില്‍ ഇറങ്ങി ജനങ്ങളെ വെല്ലുവിളിച്ചാല്‍ അത് ഏത് ട്രേഡ് യൂനിയന്‍ ആയാലും അംഗീകരിക്കാനാകില്ല. പണിമുടക്ക് സമരം നടത്തിയത് കോണ്‍ഗ്രസല്ല. പണിമുടക്കിന് ഒരു പ്രശ്‌നവുമില്ല. അത് ബന്ദിലേക്കും ഹര്‍ത്താലിലേക്കും മാറുന്നതാണ് പ്രശ്‌നം. കോണ്‍ഗ്രസുകാരായ ആരെങ്കിലും ജനങ്ങള്‍ക്കു മേല്‍ കുതിര കയറിയിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയുണ്ടാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button