പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കരുത്: സാദിഖലി ശിഹാബ് തങ്ങൾ

മലപ്പുറം∙ പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നത് വ്യക്തി സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നു കയറ്റമാണെന്ന് സുന്നി യുവജന സംഘം സംസ്ഥാന ഉപാധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. എസ്വൈഎസ് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള മീറ്റ് ആൻഡ് ട്രീറ്റ് സംഗമങ്ങളുടെ സമാപനം പനങ്ങാങ്ങരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.കെ.സി.എം.തങ്ങൾ വഴിപ്പാറ അധ്യക്ഷത വഹിച്ചു.
എസ്കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറി സത്താർ പന്തല്ലൂർ, സമസ്ത കേന്ദ്ര മുശാവറ അംഗം കെ.ഹൈദർ ഫൈസി പനങ്ങാങ്ങര, ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി സലീം എടക്കര, ടീം നെറ്റ് സംസ്ഥാന ചെയർമാൻ ഷാഹുൽ ഹമീദ് മേൽമുറി, സി.അബ്ദുല്ല മൗലവി വണ്ടൂർ, ഹസൻ സഖാഫി പൂക്കോട്ടൂർ, ഇബ്രാഹിം ഫൈസി തിരൂർക്കാട്, സാബിഖലി ശിഹാബ് തങ്ങൾ, കെ.പി.എസ് തങ്ങൾ, അരിപ്ര അബ്ദുറഹ്മാൻ ഫൈസി തുടങ്ങിയവർ പ്രസംഗിച്ചു.
