ചാലിശ്ശേരി

ചാലിശേരിയിൽ മധുരം പകരുന്ന പ്രകാശന്റെ ചായക്കട മൂന്നര പതിറ്റാണ്ട് പിന്നിടുന്നു

ചാലിശ്ശേരി : അന്താരാഷ്ട്ര ചായ ദിനത്തിൽ ചാലിശ്ശേരിയിലെ പ്രഭാതങ്ങൾക്കും സായാഹ്നങ്ങൾക്കും രുചിക്കൂട്ട് പകരുന്ന കളിയത്ത് വീട്ടിൽ പ്രകാശൻ എന്ന 63കാരന്റെ ചായയുടെയും പലഹാരങ്ങളുടെയും മധുരം നാട്ടുകാരുടെ മനസിൽ നിറഞ്ഞുനിൽക്കുകയാണ്.ചാലിശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം നാല് ചക്ര വാഹനത്തിൽ പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ ചെറിയ ചായക്കടയ്ക്ക് 33 വർഷത്തിന്റെ പഴക്കമുണ്ട്.

പ്രതിദിനം നൂറുകണക്കിന് ആളുകളാണ് ചായ കുടിക്കാനായി ഇവിടെ എത്തുന്നത്.ചൂടൻ ചായയ്ക്കൊപ്പം ലഭിക്കുന്ന പരിപ്പ് വടയും ഉള്ളിവടയും നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടതാണ്.വിപണിയിൽ ലഭിക്കുന്ന മികച്ച പരിപ്പുപയോഗിച്ചാണ് വട തയ്യാറാക്കുന്നതെന്നത് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്.

ദൂരസ്ഥലങ്ങളിൽ നിന്നുപോലും എണ്ണ പലഹാരം വാങ്ങുവാൻ എത്തുന്നവർ ധാരാളമാണ് ചായക്കൊപ്പമുള്ള പരിപ്പ് വട ഇവിടുത്തെ വലിയ പ്രത്യേകതയാണ്.രുചി തേടി നിരവധി ആളുകളാണ് പലഹാരങ്ങൾ വാങ്ങുവാൻ കടയിൽ എത്തുന്നത് പഴയ രുചി അതേപടി ഇന്നും ഇവിടെ കിട്ടുന്നുണ്ട്.അതാണ് ആളുകളെ വീണ്ടും വീണ്ടും ഇവിടെ എത്തിക്കുന്നത്.

എന്നാൽ ചായയുടെ മധുരത്തേക്കാൾ ആളുകളെ വീണ്ടും വീണ്ടും ഈ കടയിലേക്ക് ആകർഷിക്കുന്നത് പ്രകാശേട്ടന്റെ സ്നേഹപൂർവമായ പെരുമാറ്റമാണ്.ചായയുടെ മധുരത്തിനൊപ്പം സ്നേഹവും നൽകണം എന്ന ലളിതമായ ജീവിതപാഠമാണ് അദ്ദേഹം വർഷങ്ങളായി പകർന്നുനൽകുന്നത്.

ആദ്യകാലങ്ങളിൽ നാടൻ പണിക്ക് പോയിട്ടാണ് ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നത് പിന്നീട് ശാരീരിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നതോടെയാണ് സ്കൂളിന് മുൻവശത്ത് ചെറിയ രീതിയിൽ ചായക്കട ആരംഭിക്കാൻ അവസരം ലഭിച്ചത്.പിന്നീട് ആ ചെറിയ തുടക്കം നാട്ടുകാരുടെയും വിദ്യാർത്ഥികളുടെയും സൗഹൃദ കേന്ദ്രമായി മാറുകയായിരുന്നു.

ഇന്ന് ആ ചായക്കട മനുഷ്യസ്‌നേഹത്തിന്റെ മറ്റൊരു വിലാസമാണ്.രാവിലെ ഏഴിന് തുടങ്ങുന്ന കച്ചവടം വൈകീട്ട് വരെ തുടരും.ചായക്കടയിൽ നിന്ന് മധുരം നുണയാത്തവർ ചാലിശ്ശേരിയിലും സമീപ പ്രദേശങ്ങളിലുമെല്ലാം വളരെ വിരളമാണ്.

ആളുകൾ സ്നേഹത്തോടെ വരുന്നതാണ് ഏറ്റവും വലിയ സന്തോഷമെന്നും ,
കഴിയുന്നത്ര നല്ല ചായയും പലഹാരവും കൊടുക്കാനാണ് ശ്രമിക്കുന്നത്.
അതേസമയം ഗ്യാസിന്റെ വില വർധിച്ചതും പുതുതലമുറ ന്യൂജൻ പലഹാരങ്ങളിലേക്കും തിരിഞ്ഞതും കച്ചവടത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് പ്രകാശൻ പറയുന്നു.

ഒരു ചായ ഗ്ലാസിൽ പഴയകാലത്തിന്റെ ചൂടും ആത്മാർത്ഥതയും ഇന്നും അതേപടി സൂക്ഷിക്കുകയാണ് നാട്ടുകാരുടെ പ്രിയപ്പെട്ട ഈ ചായക്കട.ഇന്ന് ഇത് ഒരു വ്യാപാര സ്ഥാപനം മാത്രമല്ല മനുഷ്യസ്‌നേഹത്തിന്റെ വിലാസം കൂടിയാണ് സുനിതയാണ് സഹധർമ്മിണി.അഖിൽ, അഭിജിത്ത് എന്നിവർ മക്കളാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button