MALAPPURAM
വട്ടപ്പാറ വളവിൽ ലോറി മറിഞ്ഞു; ഡീസൽ റോഡിൽ പരന്നൊഴുകി.

വളാഞ്ചേരി:ദേശീയപാതയിലെ വട്ടപ്പാറ വളവിൽ ചരക്കുലോറി മറിഞ്ഞു. ഡ്രൈവറും സഹഡ്രൈവറും നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ലോറി പൂർണമായി തകർന്നു. ഇന്നലെ പുലർച്ചെ 3.30ന് ആണ് അപകടം. കർണാടകയിലെ ബിജാപുരിൽനിന്ന് പഞ്ചസാര ലോഡുമായി കൊച്ചിയിലേക്കു പോയ ലോറിയാണ് പ്രധാന അപകട വളവിൽ റോഡരികിലേക്കു മറിഞ്ഞത്. ശബ്ദം കേട്ട് ഓടിയെത്തിയവരും പൊലീസും രക്ഷാപ്രവർത്തനം നടത്തി.
അപകടത്തിൽ ലോറിയുടെ ഇന്ധന ടാങ്ക് ചോർന്നതിനാൽ ഡീസൽ റോഡിൽ പരന്നൊഴുകി. ഇത് വാഹനഗതാഗതത്തിനു ഭീഷണിയായതോടെ ഗതാഗതം ഒറ്റവരിയിൽ ക്രമപ്പെടുത്തി തിരൂരിൽ നിന്നെത്തിയ അഗ്നിരക്ഷാസേന റോഡിലെ ഡീസൽ പൂർണമായും നീക്കിയ ശേഷമാണ് ഗതാഗതം സാധാരണ നിലയിലാക്കിയത്. കർണാടക ബിജാപുർ ബാഗൽകോട്ട് സ്വദേശി നാഗരാജ് (35), കുൻകുറ്റ് സ്വദേശി ദാവൽ (34) എന്നിവരാണ് ലോറിയിലുണ്ടായിരുന്നത്.
