മിന്നൽ’ അടിച്ചത് വേൾഡ് വൈഡ്; 11 രാജ്യങ്ങളിലെ ടോപ്പ് 10 ലിസ്റ്റില്‍ ഇടം പിടിച്ച് മിന്നൽ മുരളി.

ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രം മിന്നൽ മുരളി നെറ്റ്ഫ്ലിക്സിന്റെ ഇന്ത്യ ടോപ് ടെൻ ലിസ്റ്റിൽ ഒന്നാം സ്ഥാനം നേടിയത് വാർത്തകളിൽ ഇടം നേടിയിരുന്നു. എന്നാൽ സിനിമയുടെ മുന്നേറ്റം അവസാനിച്ചിട്ടില്ല. നെറ്റ്ഫ്ലിക്സ് തന്നെ പുറത്തുവിടാറുള്ള ആഗോള ടോപ്പ് ടെൻ ലിസ്റ്റിലും മിന്നൽ മുരളി സ്ഥാനം പിടിച്ചിരിക്കുകയാണ്.
ഡിസംബര്‍ 20 മുതല്‍ 26 വരെ ഏറ്റവുമധികം പ്രേക്ഷകർ കണ്ട ഇംഗ്ലീഷ് ഇതര സിനിമകളുടെ ലിസ്റ്റിൽ മിന്നൽ മുരളി നാലാം സ്ഥാനത്താണ്. 60 ലക്ഷം മണിക്കൂറുകളോളമാണ് മിന്നല്‍ മുരളി’ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്‍തിരിക്കുന്നത്. വിക്കി ആൻഡ് ഹേർ മിസ്റ്ററിയാണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്. അക്ഷയ് കുമാർ ചിത്രം സൂര്യവൻശിയും ലിസ്റ്റിൽ ഉണ്ട്. പത്താം സ്ഥാനത്താണ് ചിത്രം.
അതുപോലെ തന്നെ 11 രാജ്യങ്ങളിലെ ടോപ്പ് 10 ലിസ്റ്റുകളില്‍ മിന്നല്‍ മുരളി ഇടം നേടി. ബഹ്‍റൈന്‍, ബംഗ്ലാദേശ്, കുവൈറ്റ്, മാലിദ്വീപ്, ഒമാന്‍, സൗദി അറേബ്യ, സിംഗപ്പൂര്‍, ശ്രീലങ്ക, യുഎഇ എന്നീ രാജ്യങ്ങളിലാണ് ടോപ്പ് ടെണ്ണിൽ ഉള്ളത്. ഒമാന്‍, ഖത്തര്‍, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ ചിത്രം ലിസ്റ്റില്‍ ഒന്നാം സ്ഥാനത്താണ്.
ബേസിൽ ജോസഫ് സംവിധാനം ചെയ്ത മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രമാണ് മിന്നൽ മുരളി. മലയാള സിനിമാ മേഖല ഇന്നേവരെ കണ്ടിട്ടില്ലാത്ത പ്രൊമോഷൻ സാധ്യതകളെ ഉപയോഗപ്പെടുത്തിയാണ് സൂപ്പർ ഹീറോ എത്തിയത്.
