5ജി സ്പെക്ട്രം ലേലം; കേന്ദ്രത്തിന് വരുമാനം 1.5 ലക്ഷം കോടി രൂപ


ന്യൂഡൽഹി: 7 ദിവസം നീണ്ടു നിന്ന 5ജി സ്പെക്ട്രം ലേലത്തിലൂടെ കേന്ദ്രസർക്കാരിന് 1.5 ലക്ഷം കോടി രൂപ വരുമാനം. ഇന്ത്യ കണ്ട ഏറ്റവും വലിയ സ്പെക്ട്രം ലേലമാണിത്.
ഇതിൽ പകുതിയലധികം തുകയായ 88,078 കോടി രൂപയുടെ സ്പെക്ട്രം വാങ്ങിയ റിലയൻസ് ജിയോ ലേലത്തിലെ താരമായി. വിൽപനയ്ക്കു വച്ച സ്പെക്ട്രത്തിന്റെ 71 ശതമാനവും വിറ്റുപോയി. 2015ലെ ലേലത്തിൽ ലഭിച്ച റെക്കോർഡ് ബിഡ് തുകയായ 1.09 ലക്ഷം കോടി രൂപയെ ഈ ലേലത്തിന്റെ തുക മറികടന്നു.
കേരള ടെലികോം സർക്കിളിൽ നിന്നുള്ള ലേലവരുമാനം 4,354 കോടി രൂപയാണ്.
ടെലികോം രംഗത്തേക്ക് ചെറിയ ചുവടുവയ്പ്പു നടത്തിയ അദാനി ഗ്രൂപ്പ് 212 കോടി രൂപയുടെ ഹൈബാൻഡ് (26 ഗിഗാഹെർട്സ്) സ്പെക്ട്രമാണ് വാങ്ങിയത്. ഗുജറാത്ത്, മുംബൈ, കർണാടക, രാജസ്ഥാൻ, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ സർക്കിളുകളിൽ സ്വകാര്യ 5ജി ശൃംഖല വികസിപ്പിക്കാനാണ് അദാനിയുടെ നീക്കം. തവണകളായി കമ്പനികൾ തുക അടച്ചാൽ മതി. ആദ്യവർഷം സർക്കാരിന് 13,365 കോടി രൂപ ലഭിക്കും.
പ്രധാന ബാൻഡുകളും കമ്പനികളും
700 മെഗാഹെർട്സ് (ലോ ബാൻഡ്): കേരളമടക്കം 22 ടെലികോം സർക്കിളുകളിലും 5ജി ശൃംഖല എളുപ്പത്തിൽ വ്യാപകമാക്കാൻ കഴിയുന്ന 700 മെഗാഹെർട്സ് (ലോ ബാൻഡ്) റിലയൻസ് ജിയോ മാത്രമാണ് സ്വന്തമാക്കിയത്. ഒരു ടവർ ഉപയോഗിച്ച് 6 മുതൽ 10 കിലോമീറ്റർ ചുറ്റളവിൽ കവറേജ് നൽകാമെന്നതിനാൽ രാജ്യവ്യാപക നെറ്റ്‍വർക്കിന് അഭികാമ്യം. ഫ്രീക്വൻസി കുറവായതിനാൽ ഡേറ്റ വേഗവും കുറവ്.
3.5 ഗിഗാഹെർട്സ് (മിഡ് ബാൻഡ്): ലോ ബാൻഡിനേക്കാൾ ഡേറ്റാ വേഗവും മെച്ചപ്പെട്ട ദൂരവും സഞ്ചരിക്കുമെന്നതിനാൽ കമ്പനികൾ ഏറ്റവുമധികം താൽപര്യപ്പെടുന്ന മിഡ് ബാൻഡ് അദാനി ഒഴികെ 3 കമ്പനികളും സ്വന്തമാക്കി.
26 ഗിഗാഹെർട്സ് (ഹൈ ബാൻഡ്): 4 കമ്പനികളും സ്വന്തമാക്കിയ ഈ ഫ്രീക്വൻസിയെ മില്ലിമീറ്റർ ബാൻഡ് എന്നും വിളിക്കാറുണ്ട്. ഉയർന്ന ഫ്രീക്വൻസിയായതിനാൽ ഇന്റർനെറ്റ് വേഗം പലമടങ്ങ് കൂടുതൽ. എന്നാൽ കൂടുതൽ ദൂരം സഞ്ചരിക്കാത്തതിനാൽ കവറേജ് പരിമിതം. കൂടുതൽ ടവറുകൾ (സ്മോൾ സെൽ) ആവശ്യം. പബ്ലിക് വൈഫൈ ഹോട്സ്പോട്ടുകൾ, സ്വകാര്യ 5ജി ശൃംഖകൾ എന്നിവയ്ക്ക് അഭികാമ്യം.
ലേലത്തുക ഇങ്ങനെ
റിലയൻസ് ജിയോ:
88,078 കോടി രൂപ
എയർടെൽ:
43,084 കോടി രൂപ
വോഡഫോൺ–ഐഡിയ:
18,799 കോടി രൂപ
അദാനി ഡേറ്റ
നെറ്റ്‍വർക്സ്:
212 കോടി രൂപ
ആകെ: 1.5 ലക്ഷം കോടി രൂപ
