യുക്രൈൻ യുദ്ധഭൂമിയിൽ പൊന്നാനിയിൽ നിന്നുള്ള15വിദ്യാർത്ഥികൾകുടുങ്ങി:സുരക്ഷിതരായി നാട്ടിലെത്തിക്കാൻ നോർക്കയുടെ സഹായം തേടി പൊന്നാനി എം എൽ എ

പൊന്നാനി:അഞ്ഞൂറിലധികം കിലോമീറ്റർ താണ്ടിയാണ് അനാമികയും പതിനഞ്ചോളം വിദ്യാർഥികളും ഉക്രയ്നിലെ വിനിറ്റ്സിയയിൽനിന്നും ഹംഗറി എയർപോർട്ടിലെത്തിയത്. നിലയ്ക്കാത്ത വെടിയൊച്ചകൾ അടുത്ത് കേൾക്കുമ്പോഴും ധൈര്യം ഒട്ടുംചോരാതെയാണ് വിനിറ്റ്സിയയിൽനിന്നും ട്രെയിൻ കയറിയത്. അവിടെനിന്ന് ലെവിവിലേക്ക്. തുടർന്ന് ബസ് മാർഗമാണ് ഇവർ ഹംഗറി എയർപോർട്ടിലെത്തിയത്. പൊന്നാനി കടവനാട് സ്വദേശി തട്ടപറമ്പിൽ ഉണ്ണികൃഷ്ണന്റെ മകളാണ് ഉക്രയ്നിലെ വിനിറ്റ്സിയ യൂണിവേഴ്സിറ്റിയിലെ നാലാം വർഷ മെഡിക്കൽ വിദ്യാർഥിയായ അനാമിക. ഉക്രയ്നെതിരെ റഷ്യയുടെ യുദ്ധ ഭീഷണി ഉയർന്നപ്പോൾമുതൽ ആശങ്കയിലായിരുന്നു. യുദ്ധം തുടങ്ങിയപ്പോൾ എംബസിയുമായി ബന്ധപ്പെട്ടെങ്കിലും ഇപ്പോൾ ഒന്നും ചെയ്യാനാവില്ലെന്നും എങ്ങിനെയെങ്കിലും അതിർത്തി കടന്ന് ഹംഗറിയിലെത്താനായിരുന്നു മറുപടി. ഇതോടെ ആശങ്ക വർധിച്ചു. യുദ്ധം നാശംവിതച്ച പ്രദേശങ്ങളിലുടെയുള്ള യാത്ര ഏറെ പ്രയാസകരമായിരുന്നു. ബങ്കറിൽ താമസിക്കുന്നവർക്കാണ് സഹായമെത്തുന്നത്. ഇവിടെ അതിശൈത്യമാണ്. ഹംഗറി എയർപോർട്ടിലെത്തിയതോടെ സുരക്ഷിതരായി. നാട്ടിലെത്താൻ എംബസിയുടെ ഇടപെടലിനായി കാത്തിരിക്കുകയാണെന്നും അനാമിക വീട്ടുകാർക്കയച്ച ഫോൺ സന്ദേശത്തിൽ പറയുന്നു. വിദ്യാർഥികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് നോർക്ക റൂട്ട്സിനോടും അധികൃതരോടും ബന്ധപ്പെട്ടിരുന്നെന്ന് അനാമികയുടെ അച്ഛൻ ഉണ്ണികൃഷ്ണൻ പറഞ്ഞു. പൊന്നാനിയിലെ 15ഓളം വിദ്യാർഥികളാണ് ഉക്രയ്നിലുള്ളതായി വിവരം ലഭിച്ചത്. ഇവരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ നോർക്കയോടും അധികാരികളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എംഎൽഎ പി നന്ദകുമാര്‍ അറിയിച്ചു.
