ഹൃദയസ്തംഭനം;എടപ്പാൾ കോലൊളമ്പ് സ്വദേശി അടക്കം ജിദ്ദയിൽ രണ്ട് മലപ്പുറം സ്വദേശികൾ മരിച്ചു
ജിദ്ദ: ഹൃദയസ്തംഭനത്തെ തുടർന്ന് ജിദ്ദയിൽ രണ്ട് മലപ്പുറം സ്വദേശികൾ മരിച്ചു. എടപ്പാൾ കോലളമ്പ് സ്വദേശി അബ്ദുൽ റസാഖ് വെളുത്തേടത് വളപ്പിൽ (37), കുറ്റിപ്പുറം കാലടി സ്വദേശി ഫിറോസ് വടക്കാത്തുപറമ്പിൽ (41) എന്നിവരാണ് മരിച്ചത്. അടുത്തടുത്ത പ്രദേശക്കാരായ ഇരുവരും ജോലിസ്ഥലത്ത് വെച്ച് കുഴഞ്ഞുവീണാണ് മരിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് രണ്ട് പേരും പുതിയ ജോലിയിൽ പ്രവേശിച്ചത്.
അബ്ദുൽ റസാഖ് വെളുത്തേടത് വളപ്പിൽ ഏതാനും മാസങ്ങൾക്ക് മുമ്പാണ് റിയാദിൽനിന്നും ജിദ്ദയിലേക്ക് ജോലി മാറിയത്. ശരാ ബലദിയ്യയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഒരു മാസമായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യയും രണ്ടു മക്കളുമുണ്ട്. ഇദ്ദേഹത്തിന്റെ മയ്യിത്ത് ഹസ്സൻ ഗസ്സാവി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഫിറോസ് വടക്കാത്തുപറമ്പിൽ ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് മരിച്ചത്. സ്വകാര്യ വെള്ളകമ്പനിയിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ജോലിയിൽ പ്രവേശിച്ചത്. പിതാവ്: സൈതലവി, മാതാവ്: അയിശുമ്മ, ഭാര്യ: സാജിത, മക്കൾ: മുഹമ്മദ് ശാമിൽ, മുഹമ്മദ് ഐദിൻ ആദം, ഫർസാന, ഫർവ ഫെഹ്‌മി. മയ്യിത്ത് മഹജർ കിങ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.
ഇരുവരുടെയും മയ്യിത്തുകൾ ജിദ്ദയിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. സാദൃശ്യങ്ങൾ ഏറെയുള്ള ഇരുവരുടെയും മരണങ്ങൾ പ്രവാസലോകത്തെ നൊമ്പരമായി മാറിയിരിക്കുകയാണ്.