സ്വന്തമായി ഒരു ആരോഗ്യ ചികിത്സാ കേന്ദ്രം എന്ന കടവനാടിന്റെ ചിരകാലാഭിലാഷം പൂവണിഞ്ഞു
പൊന്നാനി നഗരസഭയിലെ കടവനാട് സ്വന്തമായി കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കുന്ന സംസ്ഥാനത്തെ ആദ്യ ഹെൽത്ത് & വെൽനെസ്സ് സെന്റര് ബഹു. ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി. വീണാ ജോർജ്ജ് ഓൺലൈനിലൂടെ ഉദ്ഘാടനം നിർവ്വഹിച്ചു. കടവനാട് പ്രദേശത്ത് സാധാരണക്കാരും കയർ തൊഴിലാളികളുo തിങ്ങിനിറഞ്ഞ് താമസിക്കുന്ന ഭാഗമാണ്. ഇവരുടെ ഏറെ കാലത്തെ ആഗ്രഹമാണ് സ്വന്തമായി കടവനാട് പ്രദേശത്ത് ഒരു ആരോഗ്യ കേന്ദ്രം ഉണ്ടാവുകയെന്നത്.. ആ സ്വപ്നമാണ് ഇതിലൂടെ പൂവണിഞ്ഞത്. അഞ്ച് വാർഡുകൾ ഉൾപ്പെടുന്ന കടവനാട് പ്രദേശവും പള്ളപ്രം പുതുപൊന്നാനി പ്രദേശത്തുകാർക്ക് കൂടി ഉപകാരപ്രദമാകുന്ന സെന്ററായി ഇതു മാറും. പൊന്നാനി താലൂക്ക് ഹോസ്പിറ്റലിനെയാണ് ഈ പ്രദേശത്തുകാർ ആശ്രയിച്ചിരുന്നത്. പടുന്ന വളപ്പിൽ വേലായുധൻ, പ്രേമ എന്നവരുടെ സ്മരണാർത്ഥം പടുന്നവളപ്പിൽ ദിവാകരനും കുടുംബവുമാണ് അഞ്ച് സെന്റ് സ്ഥലം നഗരസഭക്ക് വിട്ടു നൽകിയത്. എം.എൽ.എ. പി. നന്ദകുമാർ നഗരസഭയുടെ ഉപഹാരം കുടുംബത്തിന് നൽകി.ഡോക്ടർ,സ്റ്റാഫ് നഴ്സ്, ഫാർമസ്സിറ്റ്, ജെ.പി എച്ച്.എൻ എന്നിവരുടെ സേവനം സെന്ററിലൂടെ സാദ്ധ്യമാക്കുന്നു. കൂടാതെ ടെലിമെഡിസിൻ സംവിധാനം കൂടി രോഗികൾക്ക് സെന്ററിൽ സജ്ജമാക്കിയിട്ടുണ്ട്. പൊന്നാനി എം.എൽ.എ പി. നന്ദകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ ചെയർമാൻ ശ്രീ. ഗിവദാസ് ആറുപുറം സ്വാഗതം പറഞ്ഞു വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ സ്ഥിരം സമിതി ചെയർമാൻമാരായ രജീഷ് ഊപ്പാല, ഒ.ഒ ഷംസു,ഷീന സുദേശൻ, ടി. മുഹമ്മദ് ബഷീർ, കൗൺസിലർമാരായ റീന പ്രകാശൻ, ഗിരീഷ് കുമാർ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അനൂപ് ടി.എൻ ഈഴുവത്തിരുത്തി മെഡിക്കൽ ഓഫീസർ ആഷിക്ക് അമൻ, ഡോ. ശീതൾ, ഡോ. അനസ് എന്നിവർ ആശംസകളറിയിച്ചു. നഗരസഭ സെക്രട്ടറി സജിറൂൺ എസ് നന്ദിയും പറഞ്ഞു.