NATIONAL

സ്ഥാനാർത്ഥികളുടെ ക്രിമിനൽ ചരിത്രം വെളിപ്പെടുത്തണം; സുപ്രീംകോടതിയിൽ ഹർജി.

5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാർത്ഥിയുടെ ക്രിമിനൽ ചരിത്രം വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. കേസുകൾ സംബന്ധിച്ച വിശദാംശങ്ങൾ പാർട്ടിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പ്രസിദ്ധീകരിക്കണം. ഇത് സംബന്ധിച്ച് നടപടിയെടുക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിക്കണമെന്നും പൊതുതാൽപ്പര്യ ഹർജിയിൽ പറയുന്നു.

2022 ജനുവരി 13 ന് കുപ്രസിദ്ധ ഗുണ്ടാസംഘം നഹിദ് ഹസൻ സമാജ്‌വാദി പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. ഹസൻ്റെ ക്രിമിനൽ രേഖകൾ എങ്ങും പ്രസിദ്ധീകരിച്ചിരുന്നില്ല. 48 മണിക്കൂറിനുള്ളിൽ ക്രിമിനൽ ചരിത്രം വെളിപ്പെടുത്തണമെന്ന സുപ്രീം കോടതി നിർദ്ദേശം മറികടന്നായിരുന്നു ഇത്. സുപ്രീം കോടതിയുടെ നിർദ്ദേശങ്ങൾ ലംഘിക്കുന്ന പാർട്ടികൾക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നും അഭിഭാഷക അശ്വിനി ഉപാധ്യായ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെടുന്നു.

കുറ്റവാളികളെ മത്സരിക്കാനും നിയമസഭാംഗമാക്കാനും അനുവദിക്കുന്നതിന്റെ അനന്തരഫലങ്ങൾ ജനാധിപത്യത്തിനും മതേതരത്വത്തിനും അത്യന്തം ഗുരുതരമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ തന്നെ അവർ വൻതോതിൽ അനധികൃത പണം ഒഴുക്കുകയും, വോട്ടർമാരെയും എതിരാളികളെയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. സിറ്റിംഗ് എംപിമാർക്കും എം‌എൽ‌എമാർക്കും എതിരായ കേസുകൾ തീർപ്പാക്കുന്നതിൽ നീണ്ട കാലതാമസവും, കുറഞ്ഞ ശിക്ഷാ നിരക്കുമാണ് ഉള്ളതെന്നും ഹർജിയിൽ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button