സ്ട്രീറ്റ് ടൂറിസം ; പട്ടിത്തറ തൃത്താല പഞ്ചായത്തുകളിലെ റിസോഴ്സ് ഡയറക്ടറി തയ്യാറാക്കി
പാലക്കാട്: സ്ട്രീറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി ഉത്തരവാദിത്ത ടൂറിസം ജില്ലാ മിഷന്റെ നേതൃത്വത്തിൽ തൃത്താല, പട്ടിത്തറ പഞ്ചായത്തുകളിലെ ഗ്രാമീണ ടൂറിസം സാദ്ധ്യതകൾ കണ്ടെത്തി വില്ലേജ് ലൈഫ് എക്സ്പീരിയൻസ് പാക്കേജ് തയ്യാറാക്കി. കളരിപ്പയറ്റ് സെന്റർ, മൺപാത്ര നിർമ്മാണം, കൊട്ട നെയ്ത്ത്, തെങ്ങുകയറ്റം, പപ്പട നിർമ്മാണം, കള്ള് ചെത്ത് തുടങ്ങിയ പരമ്പരാഗത തൊഴിൽ, നാടൻ കലകൾ തുടങ്ങിയവ ഉൾക്കൊള്ളിച്ചാണ് പാക്കേജ്. വിനോദ സഞ്ചാരികൾക്ക് സന്ദർശിക്കാൻ അവസരം ഒരുക്കുന്നതോടൊപ്പം പ്രദേശവാസികളുടെ വരുമാന മാർഗം ഉറപ്പാക്കുകയും ചെയ്യും. വില്ലേജ് ലൈഫ് എക്സ്പീരിയൻസ് പാക്കേജുകൾ ഔദ്യോഗികമായി അറിയിച്ച ശേഷം ഉത്തരവാദിത്ത ടൂറിസം മിഷന്റെ https://www.keralatourism.org/responsible-tourism ൽ പ്രസിദ്ധീകരിക്കും. ശേഷം ഇതുവഴി ടൂറിസ്റ്റുകൾക്ക് പാക്കേജ് ബുക്ക് ചെയ്യാം. സംസ്ഥാനത്തെ 10 പഞ്ചായത്തിലാണ് സ്ട്രീറ്റ് ടൂറിസം നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി തൃത്താല, പട്ടിത്തറ പഞ്ചായത്തുകളിൽ ടൂറിസം വികസന സമിതി രൂപീകരിച്ച് റിസോഴ്സ് ഡയറക്ടറി തയ്യാറാക്കി. പരമ്പരാഗത തൊഴിൽ, കലാകാരന്മാർ, കർഷകർ തുടങ്ങി 250ഓളം യൂണിറ്റ് രജിസ്റ്റർ ചെയ്തു. ആധാർ കാർഡിന്റെ പകർപ്പ്, രണ്ട് ഫോട്ടോ എന്നിവയാണ് രജിസ്‌ട്രേഷന് വേണ്ടത്. തുടങ്ങാം ഒരു ഹോം സ്റ്റേ ടൂറിസം വകുപ്പ് ലൈസൻസുള്ളവർക്കാണ് ഹോം സ്റ്റേ തുടങ്ങാൻ സാധിക്കുക. വീടിന്റെ മുറികളുടെ ചതുരശ്ര അടി വലുപ്പം, അറ്റാച്ച്ഡ് ബാത് റൂം തുടങ്ങിയ മാനദണ്ഡം അടിസ്ഥാനമാക്കിയാണ് ലൈസൻസ് നൽകുക. താമസ സൗകര്യം, ഗുണനിലവാരം എന്നിവയുടെ അടിസ്ഥാനത്തിൽ ഡയമണ്ട്, ഗോൾഡ്, സിൽവർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി ഹോം സ്റ്റേകളെ തരം തിരിച്ചിട്ടുണ്ട്. ഹോംസ്റ്റേ ലൈസൻസിന് തദ്ദേശ സ്ഥാപന റസിഡന്റ്സ് സർട്ടിഫിക്കറ്റ്. ഭൂനികുതി രശീതി. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്. ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷൻ. കെട്ടിടത്തിന്റെ പ്ലാൻ. കെട്ടിടത്തിന്റെ അകത്തും പുറത്തും നിന്നുള്ള രണ്ട് ഫോട്ടോ. ഫാം സ്റ്റേ, കമ്മ്യൂണിറ്റി ടൂർ ലീഡർ, ക്ലോത്ത് ബാഗ്, പേപ്പർ ബാഗ് പരിശീലനം തുടങ്ങിയവ ഉടൻ ആരംഭിക്കും. കൂടുതൽ വിനോദ സഞ്ചാരികളെ ഇത്തരം പദ്ധതികളിലൂടെ ജില്ലയിലേക്ക് ആകർഷിക്കും. നാട്ടുകാർക്ക് നല്ല തൊഴിൽ സാദ്ധ്യതയും വരുമാനവും ഉറപ്പാക്കും. -കെ.അരുൺകുമാർ, ജില്ലാ മിഷൻ കോഓർഡിനേറ്റർ, ഉത്തരവാദിത്ത ടൂറിസം മിഷൻ.