സൈക്കിളിൽ വീട് വിട്ടിറങ്ങിയ പ്ലസ് വൺ വിദ്യാർഥിയെ കാണാതായിട്ട് പത്ത് ദിവസം


തൃശ്ശൂർ: പത്തുദിവസമായി ഒരു നാടും പോലീസും തേടുകയാണ് നവനീത് കൃഷ്ണനെ. തൃശ്ശൂർ വെള്ളാനിക്കരയിലെ കാർഷിക സർവകലാശാല ക്വാർട്ടേഴ്സിൽനിന്ന് കഴിഞ്ഞ 20-നാണ് കാണാതായത്. അന്നുമുതൽ വെള്ളാനിക്കര കാമ്പസിലെ ജീവനക്കാർ ഊഴമിട്ട് തിരച്ചിലിലാണ്. വാളയാറും കഴിഞ്ഞ് പൊള്ളാച്ചിയും വാൽപ്പാറയും വരെയെത്തി അവർ. പക്ഷേ കണ്ടെത്താനായില്ല.
പൂച്ചട്ടിയിലെ സ്വകാര്യസ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയായ നവനീത് കൃഷ്ണൻ ക്വാർട്ടേഴ്സിൽ മാതാപിതാക്കളോടൊപ്പം താമസിക്കുകയായിരുന്നു. സർവകലാശാലയിൽ ജീവനക്കാരിയാണ് അമ്മ. അച്ഛൻ പാലക്കാട്ടെ സ്കൂളിൽ പ്രധാനാധ്യാപകനും. 20-ന് പുലർച്ചെ അഞ്ചരയ്ക്കാണ് നവനീത് കൃഷ്ണൻ സൈക്കിളിൽ വീട്ടിൽനിന്ന് പുറപ്പെട്ടത്. മൂന്ന് ജോടി വസ്ത്രവും അല്പം പണവും എടുത്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
രാവിലെ 7.30-ന് പരാതി കിട്ടിയതോടെ പോലീസ് ജാഗരൂകരായി. പോലീസ് ജില്ലയിലും പുറത്തുമുള്ള സ്റ്റേഷനുകളിലേക്ക് വിവരം കൈമാറി. ടോൾപ്ലാസകളിലെ സി.സി.ടി.വി. പരിശോധിച്ചു. പൊള്ളാച്ചിയിൽ എത്തിയതായി വിവരം കിട്ടി. എട്ടുദിവസമായി പോലീസ് സംഘം ഇവിേടയും പരിസരങ്ങളിലും പരിശോധന നടത്തുന്നുണ്ട്.
