EDAPPALPOLITICS

‘സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗത്തിൻ്റെയും, കാന്തപുരം സമസ്തയുടെയും വോട്ടുകൾ കിട്ടി; പിണറായി സർക്കാർ മൂന്നാമതും കേരളം ഭരിക്കും; തവനൂരിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും’; കെ ടി ജലീൽ

എടപ്പാൾ: പിണറായി സർക്കാർ തുടർച്ചയായി മൂന്നാമതും കേരളം ഭരിക്കുമെന്ന് തവനൂർ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി ഡോ കെ ടി ജലീൽ. ഇടതുസർക്കാരിന്റെ വികസനവും ക്ഷേമവും കരുതലും ജനങ്ങളെ നന്നായി സ്വാധീനിച്ചിട്ടുണ്ട്. സർക്കാരിന് എതിരായി ചിന്തിക്കാൻ ഒരു കാരണവും മലയാളികൾക്കുണ്ടായിരുന്നില്ല. തവനൂരിൽ വിജയം ഉറപ്പാണെന്നും പതിനായിരത്തിൽ കുറയാത്ത ഭൂരിപക്ഷമാണ്‌ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എസ് ഐ ആർ സാഹചര്യമാണ്‌
പോളിംഗ് ശതമാനം കൂടിയതിന് കാരണം. ഇത് തങ്ങൾക്ക് അനുകൂലമാണ് എന്ന വിലയിരുത്തൽ യു ഡി എഫ് നേതൃത്വത്തിന്റെ തെറ്റായ ധാരണയാണ്.
മലപ്പുറം ജില്ലയിൽ പൊന്നാനി, തവനൂർ, തിരൂർ മണ്ഡലങ്ങളിൽ വിജയം ഉറപ്പാണെന്നും താനൂർ, പെരിന്തൽമണ്ണ, മങ്കട, നിലമ്പുർ മണ്ഡലങ്ങളിൽ നല്ല മത്സരമാണ്‌ നടന്നതെന്നും കെ ടി ജലീൽ പറഞ്ഞു.
ന്യൂനപക്ഷങ്ങൾ എൽ ഡി എഫിന് എതിരായിരുന്നു എന്ന പ്രചാരണം തെറ്റാണെന്നും ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ യു ഡി എഫിനായിരുന്നത് കൊണ്ട് സുന്നികൾ എതിരായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സഹായിച്ചവരെ തിരിച്ചു സഹായിക്കുക എന്ന കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെടേയും സംഘടനയുടെയും സമീപനം എൽ ഡി എഫിന് അനുകൂലമായിരുന്നു. നൂറാം വാർഷികത്തോടെ ശക്തിപ്പെട്ട സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗത്തിന്റെ പിന്തുണയും എൽ ഡി എഫിന് ലഭിച്ചിട്ടുണ്ടെന്നും ഡോ കെ ടി ജലീൽ വളാഞ്ചേരി കാവുംപുറത്തെ ഗസലിൽ മാധ്യമങ്ങളോട് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button