സംസ്ഥാന പാതയോരത്ത് തവനൂർ തൃക്കണാപുരത്ത് ആരംഭിച്ച ടേക്ക് എ ബ്രേക്ക് വിശ്രമകേന്ദ്രം ജനശ്രദ്ധയാകർഷിക്കുന്നു


എടപ്പാൾ : സംസ്ഥാന പാതയോരത്ത് തവനൂർ ഗ്രാമപഞ്ചായത്തിലെ തൃക്കണാപുരത്താണ് 22 ലക്ഷം രൂപ ചിലവിട്ട് ‘ടേക്ക് എ ബ്രേക്ക് ‘ വിശ്രമകേന്ദ്രം ആരംഭിച്ചിട്ടുള്ളത്. ദീർഘദൂര യാത്രക്കാർക്ക് പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കുന്നതിനും, ലഘുഭക്ഷണം കഴിച്ച് അൽപ്പസമയം വിശ്രമിച്ച് യാത്ര തുടരുന്നതിനുമായാണ് ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങൾ പ്രധാന പാതയോരങ്ങളിൽ ആരംഭിക്കാൻ സർക്കാർ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയത്. തവനൂർ ഗ്രാമപഞ്ചായത്ത് തൃക്കണാപുരത്ത് ആരംഭിച്ച ടേക്ക് എ ബ്രേക്കിൻ്റെ ചുമതല കുടുംബശ്രീ പ്രവർത്തകർക്കാണ്. ലഘുഭക്ഷണം എന്ന നിലയിൽ തുടങ്ങിയതെങ്കിലും ആവശ്യക്കാരേറിയതോടെ പ്രഭാത ഭക്ഷണവും നാടൻ ഉച്ചഭക്ഷണവും മിതമായ നിരക്കിൽ ഇവിടെ ലഭ്യമാക്കി തുടങ്ങി. കുടുംബശ്രീ അംഗങ്ങളുടെ വീട്ടിൽ ഭക്ഷണം തയ്യാറാക്കിയാണ് ഇപ്പോൾ എത്തിക്കുന്നത്. ചെറിയ തോതിൽ ഒരു അടുക്കള ഇതിനോട് ചേർന്ന് സ്ഥാപിച്ചാൽ കൂടുതൽ മികച്ച രീതിയിൽ ഇവർക്ക് ഭക്ഷണം നൽകാൻ കഴിയും.
