സംസ്ഥാന പാതയിൽ സ്വകാര്യ ബസ് ടോറസ് ലോറിയുടെ പിറകിലിടിച്ച് മുപ്പതോളം പേർക്ക് പരിക്കേറ്റു

ചങ്ങരംകുളം: പെരുമ്പിലാവ് നിലമ്പൂർ സംസ്ഥാന പാതയിൽ ചാലിശ്ശേരി കദീജപ്പടിയിൽ സ്വകാര്യ ബസ് ടോറസ് ലോറിയുടെ പിറകിലിടിച്ച് ബസ് യാത്രക്കാരായ 30 പേർക്ക് പരിക്കേറ്റു.
സാരമായി പരിക്കേറ്റ 18 പേരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും ആറ് പേരെ അൻസാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെ 10.30 നായിരുന്നു അപകടം. പട്ടാമ്പിയിൽ നിന്ന് ഗുരുവായൂരിലേക്ക് പോയിരുന്ന ദീർഘദൂര ലിമിറ്റഡ് സ്റ്റോപ്പ് ബസാണ് അപകടത്തിൽപ്പെട്ടത്. മുന്നിൽ പോവുകയായിരുന്ന ടോറസ് ലോറിയുടെ പുറകിൽ അതേ ദിശയിൽ വരികയായിരുനു ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിൻ്റെ മുൻവശം പൂർണ്ണമായി തകർന്നു.സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാർക്കാണ് കൂടുതൽ പരിക്കേറ്റത്. മുമ്പിൽ പോയിരുന്ന ടോറസ് ലോറി വേഗത കുറച്ചതോടെ പിറകിൽ വേഗതയിൽ വന്നിരുന്ന ബസ് നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഇടിയുടെ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. അപകടത്തെ തുടർന് സംസ്ഥാന പാതയിൽ ഗതാഗത തടസം നേരിട്ടു.
അപകടത്തിൽ പെട്ട വാഹനങ്ങൾ ക്രയിൻ ഉപയോഗിച്ച് നീക്കിയതിനു ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.
