KERALA

സംസ്ഥാനത്ത് മഴ കുറഞ്ഞു.ഓറഞ്ച് അലര്‍ട്ടും പിന്‍വലിച്ചു. ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരും.

സംസ്ഥാനത്ത് മഴ ഭീതി കുറയുന്നു. അതി തീവ്ര മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചതിന്റെ ആശ്വാസത്തിലാണ് കേരളം. 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടുണ്ട്. അതേ സമയം നാളെ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ഉണ്ട്. കേരളാ തീരത്ത് നിലവില്‍ കാര്യമായ മഴമേഘങ്ങളില്ലെന്നതിനാലാണ് തീവ്ര മഴ മുന്നറിയിപ്പ് പിന്‍വലിച്ചത്. മഴ കുറഞ്ഞതോടെ നദികളില്‍ ജലനിരപ്പ് കുറഞ്ഞു. പെരിയാറിലടക്കം ജലനിരപ്പ് നിയന്ത്രണവിധേയമാണ്.

കഴിഞ്ഞ ദിവസങ്ങളിലെ പ്രളയം കണക്കിലെടുത്ത് റെഡ് അലര്‍ട്ടിന് സമാനമായ മുന്നൊരുക്കള്‍ സര്‍ക്കാര്‍ നടത്തിയിരുന്നു. നിലവില്‍ തീവ്ര മഴ പ്രതീക്ഷിക്കുന്നില്ലെങ്കിലും, വൈകീട്ടോടെ മഴമേഘങ്ങള്‍ ശക്തമായേക്കാം. മലയോരപ്രദേശങ്ങളില്‍ വൈകീട്ടും രാത്രിയും കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ട്. തീരദേശമേഖലകളിലും ജാഗ്രത തുടരണം. മറ്റന്നാള്‍ വരെ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ അപകടമേഖലകളില്‍ നിന്ന് ആളുകള്‍ വിട്ടു നില്‍ക്കണം. കല്ലാര്‍കുട്ടി, ഇടുക്കി, കുണ്ടള, ഷോളയാര്‍, കക്കി, ലോവര്‍ പെരിയാര്‍, പെരിങ്ങല്‍കുത്ത്, പൊന്മുടി. പീച്ചി ഡാമുകളിലാണ് നിലവില്‍ റെഡ് അലര്‍ട്ട് നിലനില്‍ക്കുന്നത്.

വടക്കന്‍ കേരളത്തില്‍ നിലവില്‍ കാര്യമായ മഴയില്ല. എന്നാല്‍ വയനാട് മേപ്പാടി, പുത്തുമല,മുണ്ടക്കൈ, പൊഴുതന മേഖലകളില്‍ ജാഗ്രത തുടരുകയാണ്. ഇവിടത്തെ ആളുകളെ ആവശ്യമെങ്കില്‍ പൂര്‍ണമായി മാറ്റിപ്പാര്‍പ്പിക്കാനുളള സജ്ജീകരണങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. വിനോദസഞ്ചാര മേഖലകളിലേക്ക് യാത്രാവിലക്കുണ്ട്. കണ്ണൂരില്‍ നിന്നുളള 25അംഗം കേന്ദ്രസംഘം വയനാട്ടില്‍ തുടരുകയാണ്. കോഴിക്കോടും മലപ്പുറത്തും മഴ മാറിനിന്നത് ആശ്വാസമായി.

മഴ മാറി നിന്നതോടെ ഇടുക്കിയുടെ മലയോര മേഖലയില്‍ ആശ്വാസം. നീരൊഴുക്ക് കാര്യമായി കുറയാത്തതിനാല്‍ ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകളും തുറന്നിട്ടിരിക്കുകയാണ്. മഴ മാറി നില്‍ക്കുകയും നീരൊഴുക്ക് കുറയുകയും ചെയ്താല്‍ ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ അടയ്ക്കുന്ന കാര്യവും കെ എസ് ഇ ബിയുടെ പരിഗണനയിലുണ്ട്.

കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ നേരിയ തോതില്‍ മാത്രമാണ് ഡാമിലേക്കുള്ള നീരൊഴുക്കില്‍ കുറവുണ്ടായത്. മഴ മാറി നിന്നാല്‍ നീരൊഴുക്ക് കുറയുമെന്നും ഡാമിലെ ജലനിരപ്പ് താഴുമെന്നുമാണ് കെ എസ് ഇ ബി കണക്കുകൂട്ടുന്നത്. അങ്ങനെ വന്നാല്‍ തുറന്നു വച്ചിരിക്കുന്ന ഷട്ടറുകളില്‍ ഒന്നോ രണ്ടോ അടയ്ക്കുന്ന കാര്യവും ആലോചിക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button