KERALA

സംസ്ഥാനത്ത് ഇന്നുമുതല്‍ വെള്ളത്തിനും വൈദ്യുതിക്കും വില കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ വൈദ്യുതിക്കും കുടിവെള്ളത്തിനുമുള്‍പ്പെടെ വില വർധിക്കും. പ്രതിമാസം 250 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കള്‍ക്ക് യൂണിറ്റിന് അഞ്ച് മുതല്‍ 15 പൈസ വരെയാണ് ഏപ്രില്‍ മുതല്‍ അധികമായി നല്‍കേണ്ടിവരിക.

ഡിസംബറില്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ പ്രഖ്യാപിച്ച നിരക്കുവർധനയുടെ ഭാഗമായാണ് വൈദ്യുതിനിരക്ക് കൂടുന്നത്.

ഫിക്സഡ് ചാർജില്‍ അഞ്ച് മുതല്‍ 15 രൂപ വരെയുള്ള വർധനയും ഈ മാസം മുതലുണ്ടാകും. ഇതിനു പുറമേഏപ്രിലില്‍ ഏഴ് പൈസ സർചാർജും ഉപയോക്താക്കള്‍ നല്‍കേണ്ടതുണ്ട്.

പ്രതിമാസം 250 യൂണിറ്റിനു മുകളില്‍ ഉപയോഗിക്കുന്നവർക്ക് ആദ്യ യൂണിറ്റ് മുതല്‍ ഒരേ നിരക്കാണ് നല്‍കേണ്ടിവരിക. ഈ വിഭാഗത്തിലുള്ള ഉപയോക്താക്കള്‍ക്ക് വിവിധ സ്ലാബുകളിലായി 25 പൈസവരെയാണ് വർധന.

നിരക്കുവർധനയിലൂടെ 357.28 കോടി രൂപയുടെ അധികവരുമാനമാണ് കെഎസ്‌ഇബി ലക്ഷ്യമിടുന്നത്. വൈദ്യുതിക്കു പുറമേ വെള്ളത്തിനും വില കൂടും. വെള്ളക്കരത്തില്‍ അഞ്ച് ശതമാനം വർധനയുണ്ടായേക്കും. കേന്ദ്രസർക്കാർ വ്യവസ്ഥ പ്രകാരമാണ് ഈ വർധന.

ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് കഴിഞ്ഞവർഷം സംസ്ഥാനസർക്കാർ ഇതൊഴിവാക്കിയിരുന്നു. ഇക്കുറി ഇതു സംബന്ധിച്ച ഉത്തരവുകളൊന്നും വന്നിട്ടില്ല. അതിനാല്‍ നിരക്കു വർധനയുണ്ടായേക്കുമെന്ന വിവരമാണ് അധികൃതർ നല്‍കുന്നത്. ഇതിനു പുറമെ ടോള്‍, ഭൂനികുതി, കോടതി ഫീസ് തുടങ്ങിയവയും വർധിക്കും. ഭൂമിയുടെ പാട്ടനിരക്കും പരിഷ്കരിച്ചിട്ടുണ്ട്.

ഇലക്‌ട്രിക് വാഹനങ്ങളുടെ നികുതി പുനഃക്രമീകരണവും ഈ മാസമുണ്ടാകും. കോണ്‍ട്രാക്‌ട് കാര്യേജ് നികുതിഘടന ഏകീകരിക്കുന്നതിനാല്‍ ടൂറിസ്റ്റ് ബസുകളുടെ നിരക്കിലും വർധനയുണ്ടാകും. 15 വർഷം കഴിഞ്ഞ വാഹനങ്ങളുടെ നികുതി 50 ശതമാനം വർധിക്കും. ടോള്‍ നിരക്കും വർധിക്കും.

കാറുകള്‍ക്ക് അഞ്ചു രൂപയും വലിയ വാഹനങ്ങള്‍ക്ക് 15 രൂപയും എന്ന നിരക്കിലാണ് ദേശീപാതാ അഥോറിറ്റി ടോള്‍ നിരക്ക് വർധിപ്പിച്ചിട്ടുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button