EDAPPALLocal news

സംസ്ഥാനത്തെ സ്‌കൂള്‍ബസ് ഡ്രൈവര്‍മാര്‍ക്ക് എടപ്പാളിൽ മൂന്ന് ദിവസത്തെ പരിശീലനം നൽകും

വിദ്യാര്‍ഥികളുടെ സുരക്ഷിതയാത്ര ഉറപ്പാക്കാന്‍ സംസ്ഥാനത്തെ സ്‌കൂള്‍ബസ് ഡ്രൈവര്‍മാര്‍ക്ക് മൂന്നുദിവസത്തെ നിര്‍ബന്ധിത പരിശീലനത്തിനുള്ള കോഴ്സിന് ഗതാഗതവകുപ്പ് രൂപം നല്‍കി.ശാസ്ത്രീയ പരിശീലനം നല്‍കുന്ന സംസ്ഥാനത്തെ ഏക സ്ഥാപനമായ എടപ്പാളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിംഗ് ട്രെയിനിങ് ആൻഡ് റിസർച്ചിൽ( IDTR) താമസിച്ചുള്ള പരിശീലനം നൽകാനായിരുന്നു ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദ്ദേശം. ഇതിനെതിരെ സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചതിനാൽ ഇത് ജില്ലാതലത്തിലാക്കാനാണ് ആലോചന. ഐ.ഡി.ടി. ആറിൽ സ്കൂൾ വാഹനങ്ങളുടെ ഡ്രൈവർമാർക്ക് ജൂൺ ഒന്നിനുമുമ്പായി പരിശീലനം നൽകാനായിരുന്നു ഉത്തരവ്. കോഴ്സ് ഫീസ് ആയി 3000 രൂപയും താമസസൗകര്യം ആവശ്യമെങ്കിൽ 1500 രൂപയും അടയ്ക്കണം. മറ്റ് ജില്ലകളിൽ നിന്നുള്ളവർ എടപ്പാളിൽ എത്തേണ്ടി വരുന്നതും 4500 രൂപ ഫീസ് ആയി അടക്കേണ്ടി വരുന്നതും ചൂണ്ടിക്കാട്ടി സ്കൂൾ മാനേജ്മെന്റുകൾ ഇതിനോട് സഹകരിച്ചില്ല. സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ കഴിഞ്ഞമാസം കോടതിയെ സമീപിച്ചപ്പോൾ നേരത്തെ ജോയിന്റ് ആർ.ടി.ഒ ഓഫീസ് തലത്തിൽ നടത്തിയിരുന്ന പരിശീലനം തുടരുന്നത് സംബന്ധിച്ച് അഭിപ്രായം വ്യക്തമാക്കാൻ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് പരിശീലനം ജില്ലാതലത്തിൽ ആക്കാൻ ആലോചന. സർക്കാരിന്റെ അഭിപ്രായം ഹൈക്കോടതിയെ ഉടൻ അറിയിക്കും. എടപ്പാളിലെ ഐഡി നടത്തുന്ന അതേ കോഴ്സ് അവിടെ നിന്നുള്ള പരിശീലകരെ എത്തിച്ച് ജില്ലാതലത്തിൽ ഒരു കേന്ദ്രത്തിൽ മൂന്ന് ദിവസമായി നടത്താനാണ് തീരുമാനം. അതേസമയം എടപ്പാളിലെ ഇൻസ്റ്റിറ്റ്യൂട്ടിൽ ഏപ്രിലിൽ തുടങ്ങിയ കോഴ്സിൽ 200- ഓളം പേർ പുതിയ കോഴ്സ് പൂർത്തിയാക്കി.ഇതിൽ മറ്റു ജില്ലക്കാരും ഉൾപ്പെടും. നാലാം ബാച്ചിന്റെ പരിശീലനം ആരംഭിച്ചതായും ഐ.ഡി. ടി.ആർ അധികൃതർ പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button