സംസ്ഥാനത്തെ മികച്ച കായിക സ്കൂൾ പുരസ്കാരം ഐഡിയലിന് .
ഐഡിയലിനിത് അഭിമാന നേട്ടം
സംസ്ഥാന സർക്കാറിന്റെ ജി വി രാജാ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ സംസ്ഥാനത്തെ മികച്ച കായിക സ്കൂളായി കടകശ്ശേരി ഐഡിയൽഇംഗ്ലീഷ് ഹയർ സെക്കന്ററി സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു.
2023 – 24 വർഷത്തെ ഐഡിയൽ സ്കൂളിന്റെ കായികക്കുതിപ്പാണ് അവാർഡിനായി പരിഗണിച്ചത്.
തുടർച്ചയായ നാലാം തവണയും സംസ്ഥാന സ്കൂൾ കായിക മേളയിൽ അത്ലറ്റിക് മീറ്റിൽ കിരീടം ചൂടിയ ഐഡിയൽസ്കൂളിൽ തുടർന്നു വരുന്ന
കൃത്യമായതും ചിട്ടയായതുമായ കായിക പരിശീലനവും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും അർപ്പണ മനോഭാവവും മാനേജ്മെന്റിന്റെ പൂർണ്ണ സഹകരണവുമാണ് ഈ വിജയത്തിലേക്കെത്തിച്ചത്.
ഐഡിയൽ സ്‌കൂളിൽ പഠിക്കുന്ന എല്ലാ വിദ്യർഥികളിലും കായിക ക്ഷമതയും കായിക സംസ്‌കാരവും വളർത്തിയെടുക്കുന്നതിനായി 2007 ൽ ആണ് ഐഡിയൽ സ്‌പോർട്‌സ് അക്കാദമിക്ക് രൂപം നൽകിയത്.
ഇന്ത്യൻ ഫുട്‌ബോൾ താരം ആസിഫ് സഹീറായിരുന്നു ഉദ്ഘാടകൻ.
അതോടൊപ്പം ഐഡിയൽ കാമ്പസിൽ കായിക വിദ്യാഭ്യാസത്തിന് മികച്ച കളിസ്ഥലങ്ങളും കായിക ഉപകരണങ്ങളും മറ്റ് സൗകര്യങ്ങളും മാനേജ്മെന്റ് ഒരുക്കി.
അതോടെ വർഷം തോറും പുതിയ പുതിയ താരങ്ങളുടെ ഉദയത്തിനും ഈ സ്ഥാപനം സാക്ഷ്യംവഹിച്ചു.
സംസ്ഥാന സ്കൂൾ കായിക മേളയിൽ തുടർച്ചയായി സംസ്ഥാന തല ചാമ്പ്യൻമാരായി മികച്ച വിജയം നേടിയതോടൊപ്പം തന്നെ ദേശീയ കായിക മേളയിൽ നിരവധി റെക്കോർഡുകൾ ഭേദിക്കാനും സ്‌കൂളിന്റെ താരങ്ങൾ വളർന്നു.
ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി 17 തവണ ചാമ്പ്യൻമാരാണ് ഐഡിയൽ.
കേരള സ്കൂൾ കായിക മേളയിൽ പതിനെട്ടാം തവണയും.
ദേശീയ സ്‌കൂൾ കായിക മേളയിൽ ട്രിപ്പിൽ സ്വർണം നേടിയതും ഐഡിയൽ താരങ്ങളാണ്.
ഐഡിയൽ സ്‌പോർട്‌സ് അക്കാദമിയിൽ പരിശീലനം നേടി പുറത്തിറങ്ങിയ 100-ലധികം താരങ്ങൾ സംസ്ഥാന-കേന്ദ്ര തലങ്ങളിലും ഉന്നതപദവികളിലും ജോലികൾ കരസ്ഥമാക്കി മികച്ച ജീവിതസാഹചര്യങ്ങളിൽ വിരാചിക്കുന്നുണ്ട്.
ഫിസിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ ചിട്ടയായ കരിക്കുലം ഇവിടെയുണ്ട്. കിന്റർഗാർട്ടൻ മുതൽ കായിക പരിശീലനം നൽകുന്ന സ്ഥാപനമാണ് ഐഡിയൽ . മോണ്ടിസോറി, പ്രൈമറി മോണ്ടിസോറി ക്ലാസുകളിൽ മൂവ്‌മെന്റ് എഡ്യുക്കേഷനും കിഡ്‌സ് അത്‌ലറ്റിക്‌സുമടക്കമുള്ള ഇന്റർനാഷണൽ കരിക്കുലമാണ് പിന്തുടരുന്നത്.
പ്രഗത്ഭരായ പരിശീലകരെ ഉപയോഗിച്ച് വിദ്യാർഥികൾക്ക് വ്യത്യസ്ത ഇനങ്ങളിൽ പരിശീലനം നൽകുന്നു. അത്ലറ്റിക്സ് ഇനങ്ങൾക്കു പുറമെ സ്വിമ്മിങ്, തൈക്കോൺഡോ, ഫുട്‌ബോൾ, സ്‌കേറ്റിങ്, എന്നിങ്ങനെയുള്ള നിരവധി ഇനങ്ങളിൽ ഇത്തരം കോച്ചമാരുണ്ട്.
എല്ലാ ക്ലാസുകളിലും ഓരോ മണിക്കൂർ വീതം കായികപഠന ക്ലാസുകൾ 16 കായികാധ്യാപകരുടെ നേതൃത്വത്തിൽ നടക്കുന്നു.
ഐഡിയൽ മാനേജ്‌മെന്റ് ഇതിനു വേണ്ട എല്ലാ ഭൗതിക- സാങ്കേതിക സൗകര്യങ്ങളും ഇവിടെ ഒരുക്കിയിരിക്കുന്നു.
ഇന്റോർസ്‌റ്റേഡിയം, സ്വിമ്മിങ് പൂൾ, ജിംനേഷ്യം സെന്റർ, ഓപ്പൺ ജിം ഏരിയ, അത്‌ലറ്റിക് ട്രാക്കുകൾ ഫുട്‌ബോൾ ടർഫ് , ബാസ്‌കറ്റ് ബോൾ കോർട്ട്, വോളി ബോൾ കോർട്ട്,എന്നിവയെല്ലാം മികച്ച രീതിയിൽ ഒരുക്കിയിരിക്കുന്നു.
കഴിവുണ്ടായിട്ടും പരിശീലനം നേടാൻ സാമ്പത്തിക സ്ഥിതിയില്ലാത്ത കുട്ടികൾക്ക് സൗജന്യമായും ഇവിടെ പഠനവും പരിശീലനവും നൽകുന്നു.
കായിക വിഭാഗം മേധാവി ഷാഫി അമ്മായത്തിന്റെ നേതൃത്വത്തിൽ ചീഫ് കോച്ച് നദീഷ് ചാക്കോ, സീനിയർ കോച്ച് ടോമി ചെറിയാൻ, അസിസ്റ്റന്റ് കോച്ച് മാരായ ഹാരിസ് റഹ്മാൻ ,കെ പി അഖിൽ, മുഹമ്മദ് ഹാസിൽ തുടങ്ങി ഒട്ടേറെ കായിക പരിശീലകർ നേതൃത്വം നൽകുന്നുണ്ടെന്ന് ഐഡിയൽ ട്രസ്റ്റ് ചെയർമാൻ പി കുഞ്ഞാവു ഹാജി, സെകട്ടറി കെ കെ എസ് ആറ്റക്കോയ തങ്ങൾ,മാനേജർ മജിദ് ഐഡിയൽ എന്നിവർ പറഞ്ഞു.