ഷൈൻ ടോം ചാക്കോയെ സിനിമയിൽ നിന്ന് തൽക്കാലം മാറ്റിനിർത്തും’; വിൻസി ഫെഫ്‌കയെ ബന്ധപ്പെട്ടിരുന്നുവെന്ന് ബി ഉണ്ണികൃഷ്‌ണൻ

നടൻ ഷൈൻ ടോം ചാക്കോയെ സിനിമയിൽ നിന്നും താൽക്കാലികമായി മാറ്റിനിർത്തുമെന്ന് ഫെഫ്ക. കൊച്ചിയിൽ വിളിച്ച വാർത്താസമ്മേളനത്തിൽ ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചു. ഒരവസരം കൂടി വേണം എന്ന് ഷൈൻ ടോം തങ്ങളോട് അഭ്യർത്ഥിച്ചു. എന്നിരുന്നാലും കർക്കശ നിലപാടെടുക്കും. നിലവിൽ ഐസി റിപ്പോർട്ടിനായി കാത്തിരിക്കുന്നുവെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
”സൂത്രവാക്യം’ സിനിമയുമായി ബന്ധപ്പെട്ട പരാതിയിൽ വിൻസി ഫെഫ്കയെ ബന്ധപ്പെട്ടിരുന്നു. നടന്റെ പേരും സിനിമയുടെ പേരും പുറത്ത് പറയരുത് എന്ന് വിൻസി ആവശ്യപ്പെട്ടിരുന്നു. വിൻസിയോട് നിയമാനുസൃതം ഐസിസിയിൽ പരാതിപ്പെടാൻ ആവശ്യപ്പെടുകയായിരുന്നു. ലഹരിവിരുദ്ധ പ്രവർത്തനങ്ങളുമായി ഫെഫ്ക മുന്നോട്ട് പോകുമ്പോൾ അമ്മയുടെ അംഗങ്ങൾ അത്തരത്തിൽ പെരുമാറിയാൽ അത് അംഗീകരിക്കാൻ സാധിക്കില്ല.ഷൈൻ ടോം ചാക്കോയെ തങ്ങൾ വിളിച്ചു വരുത്തി. ലഹരി ഉപയോഗിക്കുന്നു എന്ന് ഷൈൻ തങ്ങളോടും പറഞ്ഞു. അമ്മയുമായി ഫെഫ്ക ചർച്ച നടത്തി. ഈ രീതിയിൽ സിനിമയുമായി മുന്നോട്ടു പോകാൻ പ്രയാസമാണെന്ന് അറിയിച്ചു. ലഹരി ബന്ധം ഉള്ളവരുമായി സഹകരിക്കാൻ കഴിയില്ല. ലഹരിയുമായി പിടിയിലായ മേക്കപ്പ് മാനെ ഫെഫ്ക പിരിച്ചു വിട്ടിരുന്നു’, ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
