വ്യക്തമായ കാരണം പറയാതെ ഒരു കടകളിലും മൊബൈൽ നമ്പർ കൊടുക്കരുത്; മുന്നറിയിപ്പുമായി കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ
![](https://edappalnews.com/wp-content/uploads/2023/02/Screenshot_2023-02-13-17-19-14-502_com.android.chrome.jpg)
![](https://edappalnews.com/wp-content/uploads/2023/02/IMG-20230203-WA0080-819x1024.jpg)
കടകളിൽ നിന്ന് സാധനം വാങ്ങുമ്പോൾ വ്യക്തമായ ഒരു കാരണവുമില്ലാതെ മൊബൈൽ നമ്പർ ആവശ്യപ്പെട്ടാൽ നൽകരുതെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. വ്യാപാരസ്ഥാപനങ്ങളിൽ നിന്ന് സാധനം വാങ്ങുമ്പോൾ ബില്ലിങ് സമയത്ത് അനാവശ്യമായി മൊബൈൽ നമ്പർ വാങ്ങുന്നുണ്ടെന്ന് പല കോണുകളിൽ നിന്നും പരാതികൾ ഉയരുന്ന പശ്ചാത്തലത്തിൽ കൂടിയാണ് മന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. ഡിജിറ്റൽ വ്യക്തിവിവര സുരക്ഷാ ബിൽ നിയമമാകുന്നതോടെ അനധികൃതമായി പേഴ്സണൽ ഡേറ്റ ദുരുപയോഗം ചെയ്യുന്ന പ്രവണത അവസാനിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
പൊതുജനാരോഗ്യ ആക്ടിവിസ്റ്റ് ദിനേശ് എസ്. ഠാക്കൂർ പേഴ്സണൽ ഡേറ്റാ ദുരുപയോഗത്തെ സംബന്ധിച്ച് ഫെബ്രുവരി ഒന്നിന് ട്വീറ്റ് ചെയ്തിരുന്നു.
ഡൽഹി വിമാനത്താവളത്തിലെ ഒരു ഷോപ്പിൽ നിന്ന് ച്യൂയിങ് ഗം വാങ്ങിയപ്പോൾ കടക്കാരൻ മൊബൈൽ നമ്പർ ആവശ്യപ്പെട്ടത് സംബന്ധിച്ചായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. സുരക്ഷാ കാരണങ്ങളാൽ മൊബൈൽ നമ്പർ വേണമെന്നായിരുന്നു ദിനേശിനോടു ഷോപ്പിന്റെ മാനേജർ പറഞ്ഞത്. തുടർന്ന് ച്യൂയിങ് ഗം വാങ്ങാതെ കടയിൽനിന്നിറങ്ങിയെന്നായിരുന്നു ദിനേശ് എസ്. ഠാക്കൂറിന്റെ ട്വീറ്റ്. ഇതിന് മറുപടിയെന്നോണമാണ് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ മറ്റൊരു ട്വീറ്റുമായെത്തിയത്.
![](http://edappalnews.com/wp-content/uploads/2025/01/logo.png)