വോട്ടെണ്ണുംമുൻപ് മുഖ്യമന്ത്രിയായ വി.എസ്

എടപ്പാൾ : അച്യുതാനന്ദൻ മുഖ്യമന്ത്രിയായ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണുംമുൻപ് അദ്ദേഹത്തെ ജനങ്ങൾ മുഖ്യമന്ത്രിയാക്കിയ സംഭവം എടപ്പാളുകാർ ഇപ്പോഴും ഓർക്കുന്നു. തിരഞ്ഞെടുപ്പുകഴിഞ്ഞ് വോട്ടെണ്ണാൻ അഞ്ചുദിവസം അവശേഷിക്കുന്ന
അവസരത്തിലാണ് അഴിമതിരഹിത ഭരണത്തിന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് അഭിവാദ്യം എന്നെഴുതി ബാനർ പ്രദർശിപ്പിച്ചത്.
അനുയായികളുടെ ഈ ആവേശം അന്ന് വലിയവാർത്തയുംവിവാദവുമെല്ലാമായിരുന്നു.വി.എസ്.അച്യുതാനന്ദൻമുഖ്യമന്ത്രിയായിക്കാണണമെന്ന് ആഗ്രഹമുള്ള ഒരു കാലഘട്ടത്തിലായിരുന്നു ആ തിരഞ്ഞെടുപ്പ്.
വി.എസ്. ജയിച്ചാൽ പാർട്ടി തോൽക്കുകയും പാർട്ടി ജയിച്ചാൽ വി.എസ്. തോൽക്കുകയും ചെയ്തുവന്ന കാലഘട്ടത്തിൽ നിരവധി ജനകീയ സമരങ്ങളിലൂടെയും അഴിമതിക്കെതിരേ നടത്തിയ പോരാട്ടങ്ങളിലൂടെയും ജനങ്ങളുടെ പ്രിയ നേതാവായി മാറിയിരുന്ന ഇദ്ദേഹത്തോടുള്ള ആരാധനയായിരുന്നു ബാനർ ഉയരാൻ കാരണം.
മുഖ്യമന്ത്രിയെ പാർട്ടി തീരുമാനിക്കുമെന്നാണ് പാർട്ടി ഔദ്യോഗികമായി പറഞ്ഞിരുന്നെങ്കിലും അഴിമതിരഹിത ഭരണത്തിന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് അഭിവാദ്യം എന്നെഴുതി ബാനർ പ്രദർശിപ്പിച്ചത് മുഖ്യമന്ത്രിസ്ഥാനത്തേക്ക് തർക്കമുണ്ടായാൽപോലും വി.എസ്. തഴയപ്പെടരുതെന്ന ഉദ്ദേശ്യത്തോടെയായിരുന്നു.
