ആദ്യം കഴുത്തു ഞെരിച്ചു; ബോധം പോയപ്പോൾ ഗ്യാസ് കുറ്റി തലക്കിട്ടു, മകൻ അമ്മയെ കൊലപ്പെടുത്തിയതിന് പിന്നിൽ സാമ്പത്തിക തർക്കം


തൃശൂർ കോടാലിയിൽ മകൻ അമ്മയെ തലക്കടിച്ച് കൊലപ്പെടുത്തിയതിന്പിന്നിൽ സാമ്പത്തിക തർക്കങ്ങൾ. പൊലീസ് ചോദ്യം ചെയ്യലിൽ മകൻ വിഷ്ണു ഇക്കാര്യം സമ്മതിച്ചു. താളൂപ്പാടത്ത് നേരത്തെ ഉണ്ടായിരുന്ന വീട് വിറ്റത് ശോഭനയുടെ നിർബന്ധം മൂലമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായിരുന്നു. സ്ഥലം വിറ്റ പണം അമ്മ കൈകാര്യം ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് വിഷ്ണു പൊലീസിനോട് പറഞ്ഞത്.
തനിക്ക് പണം വേണം എന്ന് വിഷ്ണു ആവശ്യപ്പെട്ടു. ഇതിൽ എതിർപ്പു പ്രകടിപ്പിച്ചത് കൊലയിലേക്ക് നയിച്ചുവെന്നാണ് പൊലീസ് നിഗമനം.
അതേസമയം, മകനും അമ്മയും തമ്മിൽ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്ന് പിതാവ് ചാത്തുട്ടി. പിന്നെ എന്തിനാണ് ഇങ്ങനെ ഒരു കൃത്യം ചെയ്തത് എന്ന് അറിയില്ലെന്നും പിതാവ് പറഞ്ഞു.
അച്ഛനോടും അമ്മയോടും മകൻ വിഷ്ണുവിന് സ്നേഹമായിരുന്നു. സാമ്പത്തിക കാര്യങ്ങളെ കുറിച്ചും തർക്കങ്ങൾ ഇല്ലായിരുന്നുവെന്നും പിതാവ് പറയുന്നു.
കിഴക്കേ കോടാലി ഉപ്പുഴി വീട്ടിൽ ശോഭന ആണ് മരിച്ചത്. ഗ്യാസ് സിലിൻഡർ കൊണ്ട് അടിച്ചാണ് കൊലനടത്തിയത്. മകൻ വിഷ്ണു വെള്ളിക്കുളങ്ങര സ്റ്റേഷനിൽ കീഴടങ്ങി.
അമ്മയും രണ്ടാം അച്ഛനും വിഷ്ണുവും ഒരു മാസം മുമ്പാണ് കൊള്ളിക്കുന്നിൽ എത്തിയത്. നേരത്തെ താളൂപ്പാടത്ത് ആയിരുന്നു താമസം. ഇവർ പുറത്തുള്ളവരുമായി അധികം സമ്പർക്കം ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
വൈകുന്നേരം ആറു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. എന്താണ് സംഭവിച്ചതെന്ന് അറിയാൻ പൊലീസ് വിഷ്ണുവിനെ ചോദ്യം ചെയ്തു വരുകയാണ്.
