മത്സ്യകൃഷി വിജയം: ഭീഷണിയുയർത്തി നീർനായ ശല്യം

എടപ്പാൾ: കാലടിയിൽ കായൽ മേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശത്ത് മത്സ്യകൃഷി നടത്തുന്ന കർഷകർക്ക് തിരിച്ചടിയായി നീർനായ ശല്യം. ഇതുമൂലം മത്സ്യകൃഷി നഷ്ടത്തിലാകുമോയെന്ന ആശങ്കയിലാണ് കർഷകർ, കാലടി തുരത്ത് വളപ്പിൽ അബ്ദുൾ അസീസും, പള്ളിയാലിൽ നിസാറും ചേർന്ന് നടത്തുന്ന മത്സ്യ കൃഷി വിളവെടുപ്പിന് ഒരുങ്ങുമ്പോൾ ഭീഷണി നേരിടുന്നത്.
രണ്ട് സെന്റ് ഭൂമിയിൽ കായലിനോട് ചേർന്ന പ്രദേശത്തെ മത്സ്യകൃഷിക്ക് തിരിച്ചടിയായിരിക്കുകയാണ് നീർനായ ശല്യം. പഞ്ചായത്തിന്റെയും ഫിഷറീസ് വകുപ്പിന്റെയും സഹായത്തോടെയാണ് കർഷകർ കാലടിയിൽ കായൽ പ്രദേശത്തോട് ചേർന്ന് മത്സ്യകൃഷി ഇറക്കിയിരിക്കുന്നത്.
2 സെന്റിൽ പടുതാക്കുളം നിർമ്മിക്കാനായും മറ്റു ചിലവുകൾക്കുമായി 1,25,000 രൂപയാണ് മത്സ്യ കൃഷിയിറക്കുന്ന കർഷകർക്ക് സബ്സിഡ് ലഭിക്കുക. ഇതിൽ 65,000 രൂപയോളം കർഷകർ ചിലവഴിക്കണം. അത്രയും ഭീമമായ തുകയിറക്കി കൃഷി ചെയ്യുമ്പോൾ നീർ നായയുടെ ആക്രമണം മൂലം നിരവധി മീനുകൾചത്തൊടുങ്ങുകയും പടുതാകുളത്തിന് നാശം സംഭവിക്കുകയും ചെയ്യുന്നു. ഇക്കാരണത്താൽ തന്നെ പ്രതീക്ഷയോടെ കൃഷിയിറക്കുന്ന ഇവർക്ക് ദുരിതമാണ് ഫലം.
ഏകദേശം 8 മാസമായാൽ മത്സ്യകൃഷി വിളവെടുപ്പ് നടത്താം. എന്നാൽ അതിനു മുൻപേ തന്നെ നീർനായ ഇവയെ കൂട്ടത്തോടെ പിടിക്കുന്ന അവസ്ഥയാണുള്ളത്. പറ്റുന്ന വിധത്തിലുള്ള സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിഎങ്കിലും അതെല്ലാം പൊളിച്ചുമാറ്റി കൃഷി നശിപ്പിക്കുകയാണ് നീർനായകൾ. ഇരുമ്പ് നെറ്റ് ഇട്ടാലെ ഇതിനെതിരെ പ്രതിരോധിക്കാൻ കഴിയൂ .അതിട്ടാലും അവ പൊളിക്കുന്ന അവസ്ഥയും ഉണ്ടാകാമെന്നും മത്സ്യകർഷകരായ കാലടി തുരത്ത് വളപ്പിൽ അബ്ദുൾ അസീസും, പള്ളിയാലിൽ നിസാറും പറയുന്നു. അധികൃതരുടെ ഭാഗത്തുനിന്നും ഏതെങ്കിലും തരത്തിലുള്ള സഹായം ലഭ്യമാകുന്ന പ്രതീക്ഷയിലാണ് ഈ കർഷകർ.
