PUBLIC INFORMATION

പവന്ന് 87000; സ്വർണം ലക്ഷത്തിലേക്കുള്ള കുതിപ്പോ ?

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന വിലയിലെ കുതിപ്പ് ഇന്നും തുടര്‍ന്നതോടെ ചരിത്രത്തിലെ എക്കാലത്തേയും ഉയര്‍ന്ന നിരക്കിലേക്ക് സ്വര്‍ണം കുതിച്ചു. 87000 രൂപ എന്ന ചരിത്ര നേട്ടത്തിലേക്കാണ് പവന്‍ വില എത്തിയത്. തിങ്കളാഴ്ച ആദ്യമായി പവന്‍ വില 85000 ത്തിലേക്കും ഇന്നലെ 86000 ത്തിലേക്കും സ്വര്‍ണ വില എത്തിയിരുന്നു. ഇതോടെ മൂന്ന് ദിവസങ്ങളിലായി 3000 രൂപയോളമാണ് സ്വര്‍ണത്തിന് കൂടിയത്.

സാധാരണഗതിയില്‍ ഒരു മാസം സമയമെടുത്താണ് സ്വര്‍ണത്തിന് 3000 രൂപയുടെ വര്‍ധനവ് സ്വര്‍ണ വിലയില്‍ രേഖപ്പെടുത്താറുള്ളത്. ഇതാണ് മൂന്ന് ദിവസം കൊണ്ട് കൂടിയത്. സ്വര്‍ണത്തിന് സംഭവിക്കാന്‍ പോകുന്ന വലിയ കുതിപ്പിന്റെ തുടക്കം മാത്രമാണ് ഇത് എന്നാണ് വിപണിയില്‍ നിന്നുള്ളവരുടെ നിരീക്ഷണം.

22 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 110 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന്നലെ 10765 രൂപയായിരുന്ന ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 10875 രൂപയായി വര്‍ധിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന് 880 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണം 87000 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് 85 രൂപ കൂടിയതോടെ ഗ്രാമിന് 8940 രൂപയായും 14 കാരറ്റിന് 6960 രൂപയായും വര്‍ധിച്ചു.

9 കാരറ്റ് സ്വര്‍ണം 4490 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. യുഎസ് ഗവണ്‍മെന്റ് അടച്ചുപൂട്ടലിന്റെ വര്‍ധിച്ചുവരുന്ന അപകടസാധ്യതകളെത്തുടര്‍ന്ന് നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപങ്ങളിലേക്ക് തിരിഞ്ഞതോടെ ബുധനാഴ്ച സ്വര്‍ണം റെക്കോര്‍ഡ് ഉയരത്തിലെത്തി, അതേസമയം ദുര്‍ബലമായ തൊഴില്‍ ഡാറ്റ ഫെഡറല്‍ റിസര്‍വ് കൂടുതല്‍ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളെ ശക്തിപ്പെടുത്തി.

സ്പോട്ട് ഗോള്‍ഡ് ഔണ്‍സിന് 0.4% ഉയര്‍ന്ന് 3,872.87 ഡോളറിലെത്തി. ഡിസംബര്‍ ഡെലിവറിയുടെ യുഎസ് സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 0.7% ഉയര്‍ന്ന് 3901.40 ഡോളറിലെത്തി. ഡോളര്‍ സൂചിക ഒരു ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കുതിച്ചത് സ്വര്‍ണത്തിന് നേട്ടമായി. ഇത് വിദേശത്ത് നിന്ന് വാങ്ങുന്നവര്‍ക്ക് ഡോളര്‍ വിലയുള്ള സ്വര്‍ണത്തെ കൂടുതല്‍ താങ്ങാനാവുന്നതാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button