Tech

വീഡിയോകളില്‍ ഇനി സ്വന്തം പശ്ചാത്തല സംഗീതം, പുതിയ എഐ ഫീച്ചര്‍ അവതരിപ്പിച്ച് യൂട്യൂബ്

ക്രിയേറ്റര്‍മാര്‍ക്കായി പുതിയ എഐ ഫീച്ചര്‍ അവതരിപ്പിച്ച് യൂട്യൂബ്. വീഡിയോകള്‍ക്ക് വേണ്ടി ഇഷ്ടാനുസരണം പശ്ചാത്തല സംഗീതം നിര്‍മിക്കാന്‍ സഹായിക്കുന്ന എഐ പിന്തുണയോട് കൂടി പ്രവര്‍ത്തിക്കുന്ന മ്യൂസിക് ജനറേറ്റര്‍ ഫീച്ചറാണ് യൂട്യൂബ് അവതരിപ്പിച്ചത്. യൂട്യൂബ് സ്റ്റുഡിയോയിലെ ക്രിയേറ്റര്‍ മ്യൂസിക് ടാബിലാണ് ഈ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വീഡിയോകളില്‍ ചേര്‍ക്കാന്‍ സാധിക്കുന്ന പശ്ചാത്തല സംഗീതം സൃഷ്ടിച്ചെടുക്കാന്‍ ഈ ഫീച്ചര്‍ ഉപയോഗിച്ച് സാധിക്കും. യൂട്യൂബിലെ കര്‍ശനമായ പകര്‍പ്പാവകാശ നിയന്ത്രണങ്ങള്‍ കാരണം പശ്ചാത്തല സംഗീതം തിരഞ്ഞെടുക്കുകയെന്നത് പ്രയാസകരമായ ഒരു ജോലിയാണ്. പകര്‍പ്പാവകാശം കണ്ടെത്തിയാല്‍ അത് വീഡിയോയേയും ചാനലിനേയും ബാധിക്കും. സിനിമകളിലെ പശ്ചാത്തല സംഗീതവും സിനിമാ ഗാനങ്ങളും മറ്റ് പ്രശസ്തരായ സംഗീതജ്ഞരുടേയും ഗായകരുടേയും സൃഷ്ടികളായ ജനപ്രിയ സംഗീതവുമൊന്നും പശ്ചാത്തല സംഗീതമായി ഉപയോഗിക്കാന്‍ ക്രിയേറ്റര്‍മാര്‍ക്ക് സാധിക്കില്ല. ഇക്കാരണത്താല്‍ പകര്‍പ്പാവകാശ നിയന്ത്രണം ഇല്ലാതെ ചില വെബ്‌സൈറ്റുകളും യൂട്യൂബിലെ തന്നെ ക്രിയേറ്റര്‍ മ്യൂസിക് ടാബും വാഗ്ദാനം ചെയ്യുന്ന മ്യൂസിക് ലൈബ്രറിയില്‍ നിന്ന് മാത്രമേ ക്രിയേറ്റര്‍മാര്‍ക്ക് പശ്ചാത്തല സംഗീതം ഉപയോഗിക്കാനാവൂ. ഉള്ളടക്കത്തിന്റെ സവിശേഷതകള്‍ക്കിണങ്ങും വിധം സംഗീതം തിരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. യൂട്യൂബ് ക്രിയേറ്റര്‍ മ്യൂസിക് ടാബില്‍ പണം കൊടുത്ത് വാങ്ങാവുന്ന പ്രീമിയം ട്രാക്കുകളും ലഭ്യമാണ്. ഇവിടെയാണ് പുതിയ എഐ ടൂള്‍ രക്ഷയ്‌ക്കെത്തുന്നത്. വീഡിയോകള്‍ക്ക് ഏറ്റവും ഇണങ്ങുന്നതും എന്നാല്‍ മറ്റാരും ഉപയോഗിക്കാത്തതുമായ പശ്ചാത്തല സംഗീതം നിര്‍മിച്ചെടുക്കാന്‍ ഈ ടൂള്‍ ക്രിയേറ്റര്‍മാരെ സഹായിക്കും. ക്രിയേറ്റര്‍ മ്യൂസിക് ടാബില്‍ പ്രത്യേകം ജെമിനൈ ഐക്കണ്‍ ഇതിനായി നല്‍കിയിട്ടുണ്ട്. ഇതില്‍ ക്ലിക്ക് ചെയ്ത് ഡിസ്‌ക്രിപ്ഷന്‍ ബോക്‌സില്‍ നിങ്ങള്‍ക്ക് എത് തരം സംഗീതമാണ് വേണ്ടത് എന്ന വിശദമാക്കി നല്‍കുക. വീഡിയോയുടെ വിഷയം, ദൈര്‍ഘ്യം, സ്വഭാവം ഉള്‍പ്പടെയുള്ള വിവരങ്ങളും നല്‍കാം. ശേഷം ജനറേറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ നാല് ഓഡിയോ സാമ്പിളുകള്‍ നിര്‍മിക്കപ്പെടും. ഏത് തരം മ്യൂസിക് നിര്‍മിക്കണം എന്നറിയില്ലെങ്കില്‍, പ്രത്യേകം സജസ്റ്റ് ടാബ് ലഭ്യമാണ്. അതില്‍ മ്യൂസിക് ജനറേഷന് വേണ്ട ആശയങ്ങള്‍ ലഭിക്കും. ക്രിയേറ്റര്‍മാര്‍ക്കെല്ലാം ഈ ഫീച്ചര്‍ സൗജന്യമായി ഉപയോഗിക്കാം. എന്തെങ്കിലും റേറ്റ് ലിമിറ്റ് ഇതിനുണ്ടോ എന്ന് വ്യക്തമല്ല. ഇങ്ങനെ നിര്‍മിക്കുന്ന പശ്ചാത്തല സംഗീതത്തിന്റെ പകര്‍പ്പാവകാശ നിയന്ത്രണങ്ങള്‍ എങ്ങനെയാണെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button