വീട്ടില്‍ അനധികൃത ഗ്യാസ് റീഫില്ലിംഗ് കേന്ദ്രം, മലപ്പുറത്ത് ഒരാൾ പിടിയിൽ


മലപ്പുറം: യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ അനധികൃതമായി വീട്ടില്‍ ഗ്യാസ് റീഫില്ലിംഗ് കേന്ദ്രം നടത്തിവന്ന ഒരാൾ മലപ്പുറത്ത് പിടിയിൽ. വാഴക്കാട് വട്ടപ്പാറ പണിക്കരപുറായി സ്വദേശി കൊന്നേങ്ങല്‍ ശാഫി(34)യെയാണ് വാഴക്കാട് പൊലീസ് പിടികൂടിയത്. വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന ഗ്യാസ് സിലിന്‍ഡര്‍ ഗ്യാസ് ഏജന്‍സികളുടെ ഏജന്റുമാര്‍ മുഖേനയും വിവിധ വീടുകളില്‍നിന്ന് പണം കൊടുത്തും സംഘടിപ്പിച്ച് വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന സിലിന്‍ഡറിലേക്ക് റീഫില്‍ ചെയ്ത് വിൽക്കുകയായിരുന്നു പ്രതി.
കൂടിയ വിലയ്ക്കാണ് ഇയാൾ വില്‍പ്പന നടത്തി വന്നിരുന്നത്. മൂന്ന് വര്‍ഷത്തോളമായി ഇയാള്‍ അനധികൃത കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. റീഫില്ലിംഗിനായി കൊണ്ടുവന്ന 150 ഓളം ഗ്യാസ് സിലിന്‍ഡറുകളും നാല് കംപ്രസിംഗ് മിഷീനുകള്‍ അഞ്ച് ത്രാസുകള്‍ നിരവധി വ്യാജ സീലുകളും സിലിന്‍ഡര്‍ വിതരണം ചെയ്യുന്നതിനായി ഉപയോഗിക്കുന്ന ഓട്ടോകള്‍ തുടങ്ങിയവയും പിടിച്ചെടുത്തിട്ടുണ്ട്.
