വിളിച്ചപ്പോഴെല്ലാം വിളിപ്പുറത്തുണ്ടായിരുന്ന നേതാവിനെ കാണാൻ ജനം ഒഴുകുന്നു, പുതുപ്പള്ളിയിലേക്ക്
മലപ്പുറം : വിളിച്ചപ്പോഴെല്ലാം വിളിപ്പുറത്തുണ്ടായിരുന്ന നേതാവാണ് മലപ്പുറത്തിന് ഉമ്മൻ ചാണ്ടി. ആ സ്നേഹത്തിനും കരുതലിനും നന്ദി പറയാനും പ്രിയ നേതാവിനെ അവസാനമായൊന്ന് കാണാനും ഇന്നലെ മുതൽ ജില്ലയിൽ നിന്ന് പുതുപ്പള്ളിയിലേക്ക് ജനമൊഴുകി. അതിൽ നേതാക്കളുണ്ട്, പ്രവർത്തകരുണ്ട്, സാധാരണക്കാരുണ്ട്. എന്നും നെഞ്ചോടു ചേർത്തുപിടിച്ച പുതുപ്പള്ളിയിലെ മണ്ണിലേക്ക് കേരളത്തിന്റെ സ്വന്തം കുഞ്ഞൂഞ്ഞ് ഇന്ന് അലിഞ്ഞ് ചേരുമ്പോൾ യാത്രയയ്ക്കാൻ മലപ്പുറത്ത് നിന്ന് ഒട്ടേറെ പേർ അവിടെയുണ്ടാകും.ഉമ്മൻ ചാണ്ടിയുടെ മരണ വാർത്തയറിഞ്ഞതിനു പിന്നാലെ ചൊവ്വാഴ്ച രാവിലെ തന്നെ പലരും മലപ്പുറത്തു നിന്ന് വണ്ടി കയറി. ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ് ചൊവ്വാഴ്ച തിരുവനന്തപുരത്തെത്തി. ഇന്നലെ പ്രിയ നേതാവിനൊപ്പം തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്കുള്ള വിലാപ യാത്രയിൽ പങ്കാളിയായി. നേതാക്കൾ തിരിച്ചെത്തിയ ശേഷം ഡിസിസി യോഗം ചേരുമെന്നും വിപുലമായ അനുസ്മരണ സമ്മേളനം തീരുമാനിക്കുമെന്നും ജോയ് പറഞ്ഞു.
പുതിയ തലമുറയെ എക്കാലവും പ്രോത്സാഹിപ്പിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടി. ജില്ലയിൽ നിന്ന് നൂറു കണക്കിന് യുവ നേതാക്കളും അന്ത്യോപചാരമർപ്പിക്കാനായി കോട്ടയത്തെത്തിയിട്ടുണ്ട്. പാവപ്പെട്ടവർക്കു വേണ്ടി സഹായം ചോദിച്ച് യുവ നേതാക്കളെത്തുന്നത് ഉമ്മൻ ചാണ്ടിക്ക് ഏറെ ഇഷ്ടമായിരുന്നുവെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി പറയുന്നു.തന്റെ വാർഡിൽ മാത്രം ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 18 ലക്ഷം രൂപയുടെ സഹായം നൽകിയതായി റിയാസ് ഓർക്കുന്നു. ആർക്കും നേരിട്ട് വിളിക്കാവുന്ന അപൂർവം വലിയ നേതാക്കളിലൊരാളായിരുന്നു ഉമ്മൻ ചാണ്ടി. പാർട്ടി സഹപ്രവർത്തകർക്കൊപ്പം റിയാസ് ഇന്നലെ പുതുപ്പള്ളിയിലെത്തി. രാഷ്ട്രീയ നീക്കങ്ങളിൽ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്ത പങ്കാളികളായിരുന്ന മുസ്‌ലിം ലീഗിന്റെ പ്രധാന നേതാക്കളെല്ലാം ഉമ്മൻ ചാണ്ടിയെ അവസാനമായി യാത്രയാക്കാൻ പുതുപ്പള്ളിയിലുണ്ടാകും.