വിപണിയെ പൊള്ളിച്ച് തേങ്ങവില കുതിക്കുന്നു.തമിഴ്നാട്ടിലും കേരളത്തിലും ഒരുപോലെ തേങ്ങ കുറഞ്ഞു.
കൊല്ലം: ‘കൊന്നത്തെങ്ങ് പോലും ഇത്രക്ക് ഉയരില്ല’ -വിപണിയിൽ തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വിലക്കയറ്റം കണ്ട് വ്യാപാരികളും പൊതുജനവും മൂക്കത്ത് വിരൽവെച്ച് പറയുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഉയരത്തിലേക്ക് മാത്രം കുതിക്കുന്ന തേങ്ങവിലയും വെളിച്ചെണ്ണവിലയും കുറച്ചൊന്നുമല്ല അടുക്കളയെ പൊള്ളിക്കുന്നത്.
വീടകങ്ങളും ഹോട്ടലുമെല്ലാം ഈ വിലക്കയറ്റത്തിൽ നീറുകയാണ്. ഹോൾസെയിൽ വിപണിയിൽ കിലോക്ക് 68 രൂപ വരെയാണ് തേങ്ങവില. റീട്ടെയിൽ ആകുമ്പോൾ ഇത് 75-80 രൂപ വരെയായി ഉയരും. തേങ്ങവിലക്കൊപ്പം കുതിച്ചുകയറിയ വെളിച്ചെണ്ണ വില എം.ആർ.പിയിൽ 250-260 രൂപ വരെ എത്തിയിട്ടുണ്ട്. ആട്ടിയ വെളിച്ചെണ്ണക്കാകട്ടെ 300 രൂപക്ക് മുകളിൽ നൽകണം.
തമിഴ്നാട്ടിൽ ഉൾപ്പെടെ ഉൽപാദനം കുറഞ്ഞതോടെയുണ്ടായ തേങ്ങക്ഷാമം ആണ് വിലക്കയറ്റത്തിന് പിന്നിലെന്നാണ് വ്യാപാരികൾ പറയുന്നത്. നാടൻതേങ്ങ സുലഭമല്ലാത്തതിനാൽ പൊള്ളാച്ചിയിൽ നിന്നാണ് ജില്ലയിൽ കൂടുതലും തേങ്ങ എത്തുന്നത്. നാഗർകോവിലിൽനിന്നുള്ള വരവും കുറഞ്ഞു. മുമ്പ് തമിഴ്നാട്ടിൽനിന്ന് കേരളത്തിലെ ഒരു തേങ്ങവ്യാപാരിക്ക് 10-15 ലോഡ് തേങ്ങ ലഭിച്ചിരുന്നത് ഇപ്പോൾ പകുതിയായി കുറഞ്ഞിട്ടുണ്ട്. പഴയതുപോലെ തേങ്ങ വെട്ടാനില്ലെന്നാണ് തമിഴ്നാട്ടിലെ കർഷകർ പറയുന്നതെന്ന് വ്യാപാരികൾ പറയുന്നു. വിപണിയിലെ ആവശ്യകതയാണ് വില ഉയർന്നുതന്നെ നിൽക്കാൻ കാരണം.നിലവിലെ സ്ഥിതിയിൽ വില ഇനിയും കൂടാനാണ് സാധ്യത. ശബരിമല സീസൺ കഴിഞ്ഞതും ഫെബ്രുവരിയോടെ പുതിയ തേങ്ങ എത്തുന്നതും വില കുറച്ചെങ്കിലും കുറക്കുമെന്നതാണ് വ്യാപാരികൾ നൽകുന്ന പ്രതീക്ഷ. അതേസമയം, തേങ്ങയുടെയും വെളിച്ചെണ്ണയുടെയും തീവിലയിൽ തങ്ങൾ വലിയ പ്രതിസന്ധി നേരിടുകയാണെന്നാണ് ഹോട്ടലുടമകൾ പറയുന്നത്.
വിപണിയിൽ തേങ്ങക്ക് വലിയ ക്ഷാമമാണ് നേരിടുന്നത്. ദിനംപ്രതി വന്നിരുന്ന ലോഡ് ഇപ്പോൾ പകുതി ആയിട്ടുണ്ട്. പഴയതുപോലെ തേങ്ങ ഇല്ലെന്നാണ് കർഷകർ പറയുന്നത്. – ഷമീർ മുട്ടയ്ക്കാവ്, തേങ്ങ മൊത്തവ്യാപാരി തമിഴ്നാട്ടിൽ ഉൽപാദനം കുറഞ്ഞതാണ് തേങ്ങവില കൂടാൻ കാരണം. എന്നാൽ, ഇവിടെ തേങ്ങ ഉപഭോഗം ഉയർന്നുതന്നെയാണുള്ളത്. ഫെബ്രുവരിയോടെ തേങ്ങ കൂടുതൽ വരുമെന്നാണ് പ്രതീക്ഷ. – സുധാകരൻ മുഖത്തല, തേങ്ങ മൊത്തവ്യാപാരി