വിത കൃഷി എളുപ്പമാക്കാൻ ഡ്രം സീഡർ; ആലങ്കോട് പാടശേഖരത്തിൽ പ്രദർശനം
ചങ്ങരംകുളം : വിത കൃഷിയെ ലളിതവും ചെലവുകുറഞ്ഞതുമാക്കുന്ന ഡ്രം സീഡർ കൃഷിയിടത്തിൽ പ്രവർത്തിപ്പിച്ച് കാണിച്ചു. കേരള കാർഷിക സർവ്വകലാശാല, നബാഡ്, സംസ്ഥാന കൃഷിവകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പ്രദർശനം നടന്നത്.ആലങ്കോട് എറവറാംകുന്ന് കഴിക്കര പാടശേഖരത്തിലും ഷാജിയുടെ കൃഷിയിടത്തിലും, എറവറാംകുന്ന് പൈതൃക കൃഷിക്കൂട്ടത്തിന്റെ വയലിലുമാണ് സീഡ് ഡ്രം ഉപയോഗിച്ച് വിത്തുവിതരണം പ്രായോഗികമായി കർഷകർക്ക് പരിചയപ്പെടുത്തിയത്.കർമ്മപരിപാടി കേരള കാർഷിക സർവ്വകലാശാല അസോസിയേറ്റ് പ്രൊഫസർ ഡോ. സുനിൽ വി.ജി ഉദ്ഘാടനം ചെയ്തു. പെരുമ്പടപ്പ് കൃഷി അസിസ്റ്റന്റ് ഡയറക്ടർ വിനയൻ എം.വി അധ്യക്ഷ്യം വഹിച്ചു. ആലങ്കോട് കൃഷി ഓഫീസർ അനീസ് എം.എം, പൈതൃക കർഷക സംഘം സെക്രട്ടറി സുഹൈർ എറവറാംകുന്ന്, പാടശേഖര സെക്രട്ടറി നാസർ കെ.വി എന്നിവർ സംസാരിച്ചു.
കർഷകരായ ഇബ്രാഹിം, കബീർ, റഷീദ്, ഷാജി തവയിൽ, സതീശൻ കെ., മാനുകുട്ടൻ എന്നിവർ പങ്കെടുത്തു.മുദ്ര ന്യൂസ്.ഒരു ഏക്കറിന് പതിവായി ആവശ്യമായ 40–45 കിലോ വിത്തിന് പകരം 15 കിലോ വിത്ത് മാത്രം ഉപയോഗിച്ച് കൃഷി നടത്താൻ ഡ്രം സീഡർ സഹായകരമാണെന്ന് വിദഗ്ധർ അറിയിച്ചു. കൃത്യമായ ഇടയകലം പാലിക്കപ്പെടുന്നതിനാൽ കളനിയന്ത്രണം, കീടനിയന്ത്രണം, രാസവളം നൽകൽ തുടങ്ങിയവ ലളിതമാകുന്നു. ചെലവ് കുറച്ചോടൊപ്പം വിളവിലും ഗണ്യമായ വർധനവ് കൈവരിക്കാനാകുമെന്നതാണ് ഈ രീതിയുടെ മുഖ്യ പ്രത്യേകത.