കോഴിക്കോട്

വിമാനത്താവള റോഡ് ഉപരോധം; കനത്ത സുരക്ഷാസന്നാഹമൊരുക്കി പോലീസ്

കൊണ്ടോട്ടി : വഖഫ് ഭേദഗതിനിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി-എസ്‌ഐഒ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വിമാനത്താവള റോഡ് ഉപരോധം നേരിടുന്നതിന് പോലീസ് ഒരുക്കിയത് കനത്ത സുരക്ഷ.

വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡും നൂഹ് മാൻ ജങ്ഷനിൽ നിന്നുള്ള കുമ്മിണിപ്പറമ്പ് റോഡും കോണ്ടോട്ടി മേലങ്ങാടിയിലേക്കുള്ള റോഡും ഒരേസമയം ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ചതിനാൽ അതീവ ഗൗരവത്തോടെയാണ് പോലീസ് സമരത്തെ നേരിട്ടത്.

ആക്രമണങ്ങളുണ്ടായാൽ നേരിടാൻ ഡിവൈഎസ്‌പി പി.കെ. സന്തോഷിന്റെ നേതൃത്വത്തിൽ 400 പേരെയാണ് വിമാനത്താവള റോഡിലും പരിസരങ്ങളിലും വിന്യസിപ്പിച്ചത്. എംഎസ്‌പി, എആർ ക്യമ്പ് എന്നിവിടങ്ങൾക്ക് പുറമേ ജില്ലയിലെ മിക്ക സ്റ്റേഷനുകളിൽ നിന്നും പോലീസുകാരെ എത്തിച്ചിരുന്നു. പ്രധാന കവലകളിലെല്ലാം പോലീസുകാരെ നിർത്തി സുരക്ഷ ഉറപ്പാക്കി. അടിയന്തിര സാഹചര്യത്തിൽ നടപടിയെടുക്കാൻ തഹസിൽദാരും സ്ഥലത്തെത്തിയിരുന്നു.

നൂഹ് മാൻ ജങ്ഷനിലും കനത്തസുരക്ഷാ സന്നാഹമാണ് ഒരുക്കിയത്. റോഡിന്റെ ഇടതുഭാഗത്ത് ബാരിക്കേഡ് വച്ച് മതിലൊരുക്കുകയും മീഡിയനിൽ കയർ കെട്ടി വേർതിരിക്കുകയും ചെയ്തു. പ്രവർത്തകർ റോഡിന്റെ എതിർവശത്തേക്ക് പോകാതിരിക്കാനാണ് കയർ കെട്ടിയത്.

വിമാനത്താവള പരിസരത്ത് നിരവധി ഉപരോധ സമരങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും കണ്ണീർവാതകം പ്രയോഗിക്കേണ്ടി വരാറില്ല. രണ്ടു ജലപീരങ്കികൾ സ്ഥലത്തെത്തിച്ചിരുന്നു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരെ ജലപീരിങ്കി പ്രയോഗിച്ചാണ് തടഞ്ഞത്. നിരവധി തവണ കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. പൊട്ടാത്ത ഒരു കണ്ണീർവാതക ഷെൽ പ്രവർത്തകർ പോലീസിന് നേർക്കെറിയുകയും ചെയ്തു.

സമരത്തിന് പ്രവർത്തകരുമായെത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് നേരത്തേ പോലീസ് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട്, എസ്‌ഐഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. അബ്ദുൾ വാഹിദ്, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി അനീഷ് മുല്ലശ്ശേരി, ജില്ലാ പ്രസിഡന്റ് സാബിഖ് വെട്ടം, എസ്‌ഐഒ സംസ്ഥാന സെക്രട്ടറിമാരായ അർഫദ് അലി,

അസ്‌നഹ് താനൂർ, ജില്ലാ സമിതിയംഗം മുഹമ്മദ് ഷാഫി തുടങ്ങിയവരെ പോലീസ് അറസ്റ്റുചെയ്തു നീക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button