സ്‌കൂളില്‍ നിന്നെത്തിയ മകള്‍ കണ്ടത് അമ്മയുടെ മരണവാര്‍ത്ത, പൊട്ടിക്കരച്ചിലില്‍ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും

ബുധനാഴ്ചയാണ് പത്ത് ദിവസത്തെ അവധി കഴിഞ്ഞ് രഞ്ജിത പത്തനംതിട്ടയിലെ വീട്ടില്‍ നിന്ന് മടങ്ങിയത്. കൊച്ചിയില്‍ നിന്ന് ബുധനാഴ്ചയാണ് വിമാനം കയറിയത്. ഇന്നലെ ഉച്ചയ്ക്ക് അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനത്തില്‍ രഞ്ജിതയും ഉണ്ടായിരുന്നു. യുവതിയുടെ മരണവാര്‍ത്തയറിഞ്ഞതിന്റെ ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് എത്തിയപ്പോഴാണ് രഞ്ജിതയുടെ മകള്‍ മരണവാര്‍ത്ത അറിയുന്നത്.
തനിക്ക് ഇനി അമ്മയെ ജീവനോടെ കാണാനാകില്ലെന്ന സത്യം തിരിച്ചറിഞ്ഞ കുട്ടി പൊട്ടിക്കരയുകയായിരുന്നു. നിലവിളിച്ചുകൊണ്ടുനിന്ന കുഞ്ഞിനെ ആശ്വസിപ്പിക്കാന്‍ കഴിയാതെ ബന്ധുക്കളുടേയും നാട്ടുകാരുടേയും കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു. കണ്ണീരോടെ വാവിട്ട് കരയുന്ന ഏഴാം ക്ലാസുകാരി ഇഗിതയേയും പത്താംക്ലാസുകാരന്‍ ഇന്ദുചൂഡനേയും ആശ്വസിപ്പിക്കാനാകാതെ നില്‍ക്കുകയാണ് പുല്ലാട് ഗ്രാമം ഒന്നടങ്കം. പരേതനായ ഗോപകുമാരന്‍ നായരാണ് പിതാവ്. മാതാവ് തുളസി.രണ്ടുകുട്ടികളേയും അമ്മയേയും നോക്കിയിരുന്നത് രഞ്ജിതയായിരുന്നു. കുട്ടികളും അമ്മയും നാട്ടിലായതുകൊണ്ട് തന്നെ വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടില്‍ തന്നെ സ്ഥിരതാമസമാക്കാനായിരുന്നു രഞ്ജിതയുടെ തീരുമാനമെന്ന് പ്രദേശവാസികള്‍ പറയുന്നു. പഴയ വീടിനുതൊട്ടടുത്തായി പുതിയ വീടിന്റെ നിര്‍മാണം പുരോഗമിക്കുന്നതിനിടെയാണ് വിമാന അപകടം രഞ്ജിതയുടെ ജീവന്‍ കവര്‍ന്നത്. നേരത്തെ ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന യുവതി ഒരു വര്‍ഷം മുമ്പ് മാത്രമാണ് ലണ്ടനില്‍ ജോലിയില്‍ പ്രവേശിച്ചത്. പോര്‍ട്‌സ്മൗത്ത് യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ ജീവനക്കാരിയാണ് രഞ്ജിത.
