അങ്കണം നിറഞ്ഞുകളിചിരികളിൽ

എടപ്പാൾ: അമ്മയുടെയും ചേച്ചിയുടെയുമെല്ലാം കൈപിടിച്ചാണ് എത്തിയതെങ്കിലും കുരുന്നുകളുടെ നാണവും സങ്കടവും വിട്ടകന്നിട്ടില്ലായിരുന്നു. അങ്കണവാടിക്കു മുന്നിലെത്തിയപ്പോൾ ചിലരുടെ സങ്കടം വാവിട്ട കരച്ചിലായി. ഒരുകൂട്ടം ഇടവേളയ്ക്കുശേഷം വീണ്ടുമെത്തിയവരായിരുന്നെങ്കിൽ മറ്റുചിലർക്കിത് ആദ്യാനുഭവമാണ്. പുതിയവർക്കായിരുന്നു സങ്കടമേറെ. വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയാണ് വന്നതെങ്കിലും പഴയ കൂട്ടുകാരെ കണ്ടതോടെ ഇടവേളയ്ക്കുശേഷമെത്തിയ കുട്ടികൾ ആവേശത്തിലായി. പിന്നെ കളിയും ചിരിയുമായി അങ്കണം നിറഞ്ഞു. രണ്ടുവർഷത്തോളമായി കുഞ്ഞോമനകളുടെ കളിചിരികൾ നിലച്ച അങ്കണവാടികൾ തിങ്കളാഴ്ച വീണ്ടും പഴയപടിയായി. വാശിയും കുറുമ്പും കാട്ടി ഇത്രയുംനാൾ വീട്ടിലിരുന്നവരെ അമ്മമാർ വളരെ പാടുപെട്ടാണ് അങ്കണവാടികളിലെത്തിച്ചത്. മിഠായിയും ബലൂണുകളും നൽകി അങ്കണവാടി ജീവനക്കാർ കുട്ടികളെ വരവേറ്റു. കോവിഡ് വ്യാപിച്ചതോടെ 2020 മാർച്ച് 11 മുതലാണ് അങ്കണവാടികളിൽ കുട്ടികളെ പ്രവേശിപ്പിക്കുന്നത് നിർത്തിയത്. ഈവർഷം ജനുവരി മുതൽ കുട്ടികളെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഒമിക്രോൺ വ്യാപിച്ചതിനാൽ തീരുമാനം മാറ്റുകയായിരുന്നു. ആദ്യത്തെ ഒരുമാസം ഉച്ചവരെയാണ് അങ്കണവാടികൾ പ്രവർത്തിക്കുക. ഭക്ഷ്യവസ്തുക്കൾ നേരത്തേ വീടുകളിലെത്തിച്ചതിനാൽ ഈമാസം ഭക്ഷണവിതരണമുണ്ടാകില്ല. ഒന്നരമീറ്റർ അകലം പാലിച്ച് കുട്ടികളെ ഇരുത്തണമെന്നായിരുന്നു നിർദേശമെങ്കിലും പലയിടത്തും സ്ഥലപരിമിതി അതിനനുവദിച്ചില്ല. എങ്കിലും മാസ്ക് ധരിച്ചും ഇടയ്ക്കിടെ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കിയും കുട്ടികൾ കോവിഡിനെതിരേ പോരാടി.














