Local newsPONNANI

വള്ളക്കാർക്ക് ലൈഫ് ജാക്കറ്റും തിരിച്ചറിയൽ രേഖയും നിർബന്ധം

പൊന്നാനി: 52 ദിവസത്തെ നിരോധനം ജൂലായ് 31-ന് അർധരാത്രിയാണ് അവസാനിക്കുക. പരമ്പരാഗത വള്ളത്തിൽ മീൻപിടിക്കുന്നവർക്ക് ഇക്കാലയളവിലും കടലിൽപ്പോകാം. ഇവർക്കുള്ള നിർദേശങ്ങൾ ഫിഷറീസ് വകുപ്പ് പുറത്തിറക്കി. ലൈഫ് ജാക്കറ്റ് പോലുള്ള സുരക്ഷാ ഉപകരണങ്ങൾ നിർബന്ധമായും ധരിക്കണമെന്നാണ് നിർദേശം. സുരക്ഷാ ഉപകരണങ്ങൾ ധരിക്കാതെയുള്ള മത്സ്യബന്ധനം ശിക്ഷാർഹമാണെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടിയന്തര ഘട്ടത്തിൽ ബന്ധപ്പെടാവുന്ന ഫോൺ നമ്പറുകളും മത്സ്യത്തൊഴിലാളികളുടെ തിരിച്ചറിയൽ രേഖകളും കൈയിൽ കരുതണം. ജി.പി.എസ്., വയർലെസ് തുടങ്ങിയ വാർത്താവിനിമയ നാവിഗേഷൻ ഉപകരണങ്ങൾ യാനത്തിൽ കരുതണമെന്നും നിർദേശമുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പുകൾ ലംഘിച്ച് മത്സ്യബന്ധനത്തിനായി കടലിൽ പോകുന്നവർക്കെതിരേയും നടപടിയുണ്ടാകും. മത്സ്യങ്ങളുടെ പ്രജനനകാലമായതിനാൽ പോത്തൻവല ഉപയോഗിച്ചുള്ളതും രാത്രികാല മത്സ്യബന്ധനവും നിരോധിച്ചിട്ടുണ്ട്. നിരോധനം ലംഘിക്കുന്നവർക്കെതിരേ കേരള മറൈൻ ഫിഷറീസ് റഗുലേഷൻ ആക്ട് പ്രകാരമുള്ള ശിക്ഷാ നടപടികളുണ്ടാകും. ആഴക്കടൽ മത്സ്യബന്ധനത്തിലേർപ്പെടുന്ന യാനങ്ങൾ ഗ്രൂപ്പുകളായി പോകണമെന്നും ഒറ്റപ്പെട്ടുപോകുന്ന സാഹചര്യങ്ങൾ ഒഴിവാക്കണമെന്നും പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. ഫിഷറീസ് വകുപ്പിന്റെ രജിസ്‌ട്രേഷനും മത്സ്യബന്ധന ലൈസൻസുമുള്ള യാനങ്ങൾ ഉപയോഗിച്ചാണ് മീൻപിടിക്കേണ്ടതെന്നും ഒരു ഇൻബോർഡ് വള്ളത്തിൽ ഒരു കരിയർവള്ളം മാത്രമേ ഉപയോഗിക്കാവൂവെന്നും നിർദേശിച്ചിട്ടുണ്ട്. ട്രോളിങ് നിരോധനം ബാധകമായ യാനങ്ങൾ മത്സ്യബന്ധനത്തിലേർപ്പെടരുതെന്നും അനുമതിയുള്ള യാനങ്ങളിൽ സുരക്ഷാ ഉപകരണങ്ങൾ, ഇന്ധനം, കുടിവെള്ളം എന്നിവ ഉറപ്പുവരുത്തണമെന്നും നിർദേശമുണ്ട്. പരമ്പരാഗത മത്സ്യത്തൊഴിലാളികൾ മീൻപിടിക്കുമ്പോൾ നിശ്ചിത വലിപ്പത്തിൽ കുറവുള്ള മീനുകളെ പിടിക്കരുതെന്ന കർശന നിർദേശവും നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button