വളാഞ്ചേരിയില്‍ ലഹരി സംഘത്തിലെ ഒന്‍പത് പേര്‍ക്ക് എച്ച്‌ഐവി; പരിശോധന വ്യാപകമാക്കി ആരോഗ്യവകുപ്പ്

എല്ലാവരും ഒരേ സിറിഞ്ചിൽ നിന്ന് തന്നെ ലഹരി കുത്തിവെക്കും.. വളാഞ്ചേരിയിൽ 9 പേർക്ക് എച്ച്ഐവി
ഈ വർഷം മലപ്പുറം ജില്ലയില്‍മാത്രം 10 പേർക്ക് രോഗം.. 80 ശതമാനംപേരും കൂട്ടുകാരോടൊപ്പമാണ് ലഹരി ഉപയോഗിക്കുന്നതെന്ന് എക്സൈസ്
വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിയിൽ ലഹരി കുത്തിവെക്കാനായി ഒരേ സിറിഞ്ച് ഉപയോഗിച്ച പത്ത് പേർക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴിഞ്ഞ രണ്ട് മാസം ആരോഗ്യവകുപ്പ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. പ്രദേശവാസികളും ഇതരസംസ്ഥാന തൊഴിലാളികളും ഉൾപ്പെടെയുള്ളവർക്കാണ് അണുബാധ സ്ഥിരീകരിച്ചതെന്നും മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക പറഞ്ഞു.
എയ്ഡ്സ് ബാധിക്കാൻ സാധ്യതയുള്ളവർക്കിടയിൽ കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റി ജനുവരിയിൽ ഒരു പഠനം നടത്തിയിരുന്നു. ലൈംഗിക തൊഴിലാളികൾ, ലഹരി ഉപയോഗിക്കുന്നവർ എന്നിവർക്കിടയിലായിരുന്നു പ്രധാനമായും സർവേ നടത്തിയത്. ഈ സർവേയിൽ വളാഞ്ചേരിയിൽ ഒരാൾക്ക് എച്ച്ഐവി സ്ഥിരീകരിച്ചു.
പിന്നീട് ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ഉൾപ്പെട്ട വലിയ ലഹരി സംഘത്തിലേക്ക് ആരോഗ്യവകുപ്പ് എത്തിയത്. സംഘത്തിലെ എല്ലാവരേയും ആരോഗ്യവകുപ്പ് പരിശോധനയ്ക്ക് വിധേയരാക്കി. ഈ പരിശോധനയിലാണ് ഒമ്പതുപേർക്ക് എയ്ഡ്സ് സ്ഥിരീകരിച്ചത്. ഇവർ ലഹരിക്കായി ഒരേ സൂചികൾ പങ്കിട്ടതായും വിതരണക്കാർ സൂചികൾ വീണ്ടും വീണ്ടും ഉപയോഗിച്ചതായും കണ്ടെത്തിയെന്നും മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ.രേണുക പറഞ്ഞു.
കുത്തിവെക്കുന്ന ലഹരി ഉപയോഗത്തിലൂടെ സംസ്ഥാനത്ത് ഓരോമാസവും ശരാശരി പത്തിലധികം പേർക്ക് എച്ച്ഐവി സ്ഥിരീകരിക്കുന്നുണ്ട്. ഈ വർഷം മലപ്പുറം ജില്ലയിൽമാത്രം 10 പേർക്ക് രോഗം കണ്ടെത്തിയതായി നോഡൽ ഓഫീസർ ഡോ. സി. ഷുബിൻ പറഞ്ഞു.
വളാഞ്ചേരിയിൽ മാത്രമല്ല, ജില്ലയിലേയും സംസ്ഥാനത്തേയും മറ്റിടങ്ങളിലും സമാനമായ രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഇതിനായി വ്യാപകമായ പരിശോധന ആവശ്യമാണെന്നും ആരോഗ്യവകുപ്പ് വൃത്തങ്ങൾ പറയുന്നു.
കേരളത്തിൽ 2021-ന് ശേഷം യുവാക്കൾക്കിടയിൽ എച്ച്ഐവി കൂടുന്നതായാണ് എയ്ഡ്സ് കൺട്രോൾ സെസൈറ്റിയുടെ കണക്ക്. വർഷം ശരാശരി 1200 പേർക്ക് രോഗം സ്ഥിരീകരിക്കുമ്പോൾ 15 ശതമാനം പേരും 19-25 പ്രായക്കാരാണ്. ലഹരി കുത്തിവെപ്പാണ് ഇതിനു കാരണമായി വിലയിരുത്തുന്നത്. നേരത്തേ 43 വയസ്സുവരെയുള്ളവർക്കായിരുന്നു രോഗബാധ കൂടുതൽ.
