വര്‍ണ്ണപ്പകിട്ട്’ ട്രാന്‍സ്ജെന്‍ഡര്‍ ഫെസ്റ്റ് 16 മുതൽ

ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ സര്‍ഗാത്മക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ‘വര്‍ണ്ണപ്പകിട്ട്’ ട്രാന്‍സ്ജെന്‍ഡര്‍ ഫെസ്റ്റ് മാര്‍ച്ച് 16, 17 തിയതികളിലായി നടക്കുമെന്ന് മന്ത്രി ആർ ബിന്ദു അറിയിച്ചു. കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ഫെസ്റ്റ് നടക്കുക. ‘അനന്യം’ എന്ന പേരില്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കായി സാമൂഹ്യനീതി വകുപ്പ് രൂപീകരിച്ച കലാസംഘത്തിന്‍റെ ആദ്യ അവതരണവും വര്‍ണ്ണപ്പകിട്ട് ഫെസ്റ്റിൽ അരങ്ങേറുമെന്ന് മന്ത്രി അറിയിച്ചു.
നാലാമത് ‘വര്‍ണ്ണപ്പകിട്ട്’ ട്രാന്‍സ്ജെന്‍ഡര്‍ ഫെസ്റ്റിന് ആരംഭം കുറിച്ചുകൊണ്ടുള്ള വിളംബരഘോഷയാത്ര 16 ന് വൈകിട്ട് നാലിന് യൂണിവേഴ്സിറ്റി കോളേജ് പരിസരത്ത് നിന്നും ആരംഭിച്ച് ഫെസ്റ്റിന്റെ വേദിയായ കനകക്കുന്നില്‍ സമാപിക്കും. 6.30ന് ‘വര്‍ണ്ണപ്പകിട്ട്’ ട്രാന്‍സ്ജെന്‍ഡര്‍ ഫെസ്റ്റിന്റെയും, ‘അനന്യം’ കലാസംഘത്തിന്റെയും ഔപചാരികമായ ഉദ്ഘാടനം മന്ത്രി നിർവഹിക്കും. ‘അനന്യം’ ലോഗോയുടെയും സുവനീറിൻ്റെയും പ്രകാശനവും മന്ത്രി നിര്‍വഹിക്കും. വി കെ പ്രശാന്ത് എംഎല്‍എ അദ്ധ്യക്ഷനാകും. ഉദ്ഘാടനച്ചടങ്ങിനു ശേഷം ‘അനന്യം’ ട്രാന്‍സ്ജെന്‍ഡര്‍ കലാസംഘത്തിന്‍റെ കലാവിരുന്ന് വേദിയില്‍ നടക്കും. 17 ന് രാവിലെ 11 മണി മുതല്‍ കലാപരിപാടികള്‍ ആരംഭിക്കും. വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് വേദിയിൽ ആദരമർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ആഗസ്ത് – സെപ്തംബര്‍ മാസങ്ങളിലായി കോഴിക്കോട് ജില്ലയിൽ കലോത്സവ മാതൃകയില്‍ വര്‍ണ്ണപ്പകിട്ട് 2025-2026 സംഘടിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കായുള്ള നയം രൂപീകരിച്ചു നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ അവകാശ സംരക്ഷണം, സാമൂഹ്യസുരക്ഷ, പുനരധിവാസം, ക്ഷേമം എന്നിവ ഉറപ്പാക്കാൻ സംസ്ഥാന സര്‍ക്കാറിൻ്റെ സാമൂഹ്യനീതി വകുപ്പ് നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്നുണ്ട്. ട്രാന്‍സ്ജെന്‍ഡര്‍ നയത്തിന്‍റെ ഭാഗമായി ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ കലാഭിരുചിയും സര്‍ഗാത്മകതയും പരിപോഷിപ്പിക്കലും പൊതുസമൂഹത്തില്‍ ഇവരുടെ സ്വീകാര്യത വർദ്ധിപ്പിക്കലും സാമൂഹ്യനീതി വകുപ്പിൻ്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
