വണ്ടി കാണണ്ട, പരിശോധനയും വേണ്ട, ഫോട്ടോ അയച്ചാല്‍ പുക സര്‍ട്ടിഫിക്കറ്റ് റെഡി; കയ്യോടെ പിടികൂടി ആർ ടി ഒ


കസ്റ്റമർ: ചേട്ടാ പുകപരിശോധനാ സർട്ടിഫിക്കറ്റ് വേണം, വണ്ടി കൊണ്ടുവന്നിട്ടില്ല.
കടയുടമ: അത് കുഴപ്പമില്ല, വണ്ടി നമ്പർ ഫോട്ടോയെടുത്ത് വാട്സാപ്പ് ചെയ്താൽ മതി, സർട്ടിഫിക്കറ്റ് തരാം.
കസ്റ്റമർ: അപ്പോ വണ്ടിയുടെ പുകക്കുഴൽ പരിശോധന നടത്തേണ്ടേ?
ഉടമ: നിർബന്ധമില്ല. നിങ്ങൾക്ക് സർട്ടിഫിക്കറ്റ് കിട്ടിയാൽ പോരേ.
കസ്റ്റമർ: അതുമതി.
ഉടനടി വണ്ടിനമ്പർ സ്ഥാപന ഉടമയുടെ വാട്സാപ്പിൽ കൊടുത്തു.
മിനിറ്റുകൾക്കകം പുകപരിശോധനാ സർട്ടിഫിക്കറ്റ് റെഡി..
സൗത്ത് കളമശ്ശേരിയിലെ ബി.എസ്. ടെസ്റ്റിങ് സെന്റർ പുകപരിശോധനാ കേന്ദ്രത്തിൽ നടക്കുന്ന ഈ നാടകീയരംഗങ്ങൾ ബുധനാഴ്ച എറണാകുളം ആർ.ടി. ഓഫീസിലിരുന്ന് ആർ.ടി.ഒ. പി.എം. ഷെബീർ കാണുന്നുണ്ടായിരുന്നു. വാഹനമില്ലാതെ പുക പരിശോധനാ സർട്ടിഫിക്കറ്റ് നൽകുന്നതിനായി, കേന്ദ്രസർക്കാറിന്റെ ഗതാഗത സോഫ്റ്റ്വേറിൽ നുഴഞ്ഞുകയറിക്കൊണ്ടുള്ള തട്ടിപ്പ് നേരിട്ടുകണ്ട് മനസ്സിലാക്കാൻ മോട്ടോർവാഹന വകുപ്പ് ഒരുക്കിയ ‘സ്റ്റിങ്’ ഓപ്പറേഷനായിരുന്നു ഇത്.
ഇതിനായി കാണിച്ചത് കളമശ്ശേരി പോലീസ് സ്റ്റേഷനിൽ വാഹനാപകടത്തിൽ തകർന്ന വണ്ടിയുടെ നമ്പറും. വാഹനത്തിന്റെ പുകക്കുഴൽ പരിശോധിക്കാതെ സർട്ടിഫിക്കറ്റ് നൽകുന്ന കളമശ്ശേരിയിലെ സ്ഥാപനത്തെക്കുറിച്ച് എറണാകുളം ആർ.ടി.ഒ.ക്ക് പരാതി ലഭിച്ചതിൽനിന്നാണ് തുടക്കം.
സംഭവം സത്യമാണോയെന്നറിയാൻ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എ.ആർ. രാജേഷിനെയും അസി. വെഹിക്കിൾ ഇൻസ്പെക്ടർ പി.എം. മധുസൂദനെയും ചുമതലപ്പെടുത്തി. തങ്ങൾ നേരിട്ടുപോയി പരിശോധിച്ചാൽ തെളിവു കിട്ടില്ലെന്ന് തിരിച്ചറിഞ്ഞ ഇരുവരും പദ്ധതി ആസൂത്രണം ചെയ്തു.
ആർ.ടി.ഒ.യുടെ അനുവാദത്തോടെ പുക പരിശോധന സ്ഥാപനത്തിലേക്ക് കസ്റ്റമറെന്ന നിലയ്ക്ക് ഒരാളെ നിയോഗിച്ച് പറഞ്ഞയയ്ക്കുകയായിരുന്നു. കടയിലേക്ക് ആളെ വിട്ടശേഷം ഉദ്യോഗസ്ഥർ മറ്റൊരിടത്തുനിന്ന് നിരീക്ഷിച്ചു. കടയിലെത്തി ഏറെ വൈകാതെ സർട്ടിഫിക്കറ്റ് നൽകിയതോടെ, ഉടമയെ നേരിട്ടെത്തി കൈയോടെ പിടികൂടിയ ഉദ്യോഗസ്ഥർ കട പൂട്ടിച്ചു. കൂടാതെ, ഇതിനായി ഉപയോഗിച്ച കംപ്യൂട്ടറിന്റെ ഹാർഡ് ഡിസ്കുകളും അനുബന്ധ സാമഗ്രികളും കസ്റ്റഡിയിലെടുത്തു.
