NATIONAL

ലെയ്സിന്റെ ‘കുത്തക’ തകര്‍ത്ത് കര്‍ഷകര്‍; പെപ്സികോയുടെ പേറ്റന്റ് ഇന്ത്യ റദ്ദുചെയ്തു

അഹമ്മദാബാദ്: ലെയ്‌സ് ചിപ്‌സ് ഉണ്ടാക്കുന്നതിനുള്ള പ്രത്യേകയിനം ഉരുളക്കിഴങ്ങുകളുടെ പേറ്റന്റ് ബഹുരാഷ്ട്ര കുത്തകയായ പെപ്‌സികോയ്ക്ക് നൽകിയ നടപടി റദ്ദാക്കി. പ്രൊട്ടക്ഷൻ ഓഫ് പ്ലാന്റ് വറൈറ്റീസ് ആൻഡ് ഫാർമേഴ്‌സ് റൈറ്റ്‌സ് (പിപിവിഎഫ്ആർ) അതോറിറ്റിയുടേതാണ് ഉത്തരവ്. രണ്ടു വർഷം നീണ്ട കർഷക പ്രക്ഷോഭങ്ങൾക്ക് ശേഷമാണ് അതോറിറ്റിയുടെ നടപടി. ‘അതോറിറ്റി ഉത്തരവ് ഇന്ത്യയിലെ കർഷകരുടെ ചരിത്ര വിജയമാണ്. കർഷക സ്വാതന്ത്ര്യത്തെ ഹനിച്ച് ഏതെങ്കിലും വിത്തോ ഭക്ഷണമോ മറ്റുള്ളവർക്ക് കൈമാറുന്നതിന് ഇത് തടയിടും’- വിഷയത്തില്‍ കര്‍ഷകര്‍ക്കു വേണ്ടി നിയമപോരാട്ടം നടത്തിയ അലയൻസ് ഫോർ സസ്റ്റയ്‌നബ്ൾ ആന്റ് ഹോളിസ്റ്റിക് അഗ്രികൾച്ചർ കൺവീനർ കവിത കുരുഗന്തി പറഞ്ഞു. വെള്ളിയാഴ്ചയിലെ ഉത്തരവ് പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്ന് പെപ്‌സികോ പ്രതികരിച്ചു.

എഫ്എൽ 2027 (FC5) എന്നയിനത്തിൽപ്പെട്ട പ്രത്യേക തരം ഉരുളക്കിഴങ്ങിന്റെ പേറ്റന്റാണ് പെപ്‌സികോ അവകാശപ്പെടുന്നത്. ഇവ ഉണ്ടാക്കിയ ഗുജറാത്തിലെ ഒമ്പത് കർഷകരെ പ്രതി ചേർത്ത് പെപ്‌സികോ നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തങ്ങൾക്കുണ്ടായ നഷ്ടത്തിന് കർഷകർ 4.02 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു ആവശ്യം. കമ്പനി നടപടിക്കെതിരെ കർഷക സംഘടനകളും സന്നദ്ധ സംഘങ്ങളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പരാതിക്ക് പിന്നാലെ ഈയിനം ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നതും വിൽപ്പന നടത്തുന്നതും അഹമ്മദാബാദിലെ പ്രത്യേക കോടതി താൽക്കാലികമായി തടഞ്ഞിരുന്നു.
എഫ്എൽ 2027 ഉരുളക്കിഴങ്ങിന്റെ ഉടമസ്ഥർ തങ്ങളാണെന്നും നിയമത്തിന് കീഴിൽ അത് രജിസ്റ്റർ ചെയ്ത ഇനമാണെന്നും പെപ്‌സികോ അതോറിറ്റിക്ക് മുമ്പിൽ വാദിച്ചു. എന്നാൽ ഇതിന്റെ ഡോക്യുമെന്റേഷനെയാണ് അതോറിറ്റി ചോദ്യം ചെയ്തത്. ഇത് പൊതുതാത്പര്യത്തിന് വിരുദ്ധമാണ്, കർഷകർ ഇതു കൊണ്ട് ഒരാപാട് ബുദ്ധിമുട്ടുകൾ നേരിടുന്നു എന്നാണ് കുരുഗന്തിയുടെ വാദം. ഇത് അതോറിറ്റി ചെയർപേഴ്‌സൺ കെവി പ്രഭു അംഗീകരിക്കുകയായിരുന്നു. 2009ലാണ് എഫ്എൽ 2027 ഇനം ഉരുളക്കിഴങ്ങുകൾ രാജ്യത്ത് കൃഷി ചെയ്യാൻ ആരംഭിച്ചത്. 12000 കർഷകരാണ് ഇത് കൃഷി ചെയ്യുന്നതും. ഇവയുടെ വിത്തുകൾ വിതരണം ചെയ്യുന്നതും വിള വാങ്ങുന്നതും പെപ്‌സികോ മാത്രമാണ്. 2016ലാണ് പിപിവി ആൻഡ് എഫ്ആർ ആക്ട് 2001 പ്രകാരം പെപ്‌സോകോ ഈയിനം രജിസ്റ്റർ ചെയ്ത് പേറ്റന്റ് നേടിയെടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button