KERALA

റോഡിലൂടെ നഗ്നനായി ഓടിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം: നിഗൂഢത പൊളിച്ച് പോലീസ് അന്വേഷണം

കൊച്ചി: റോഡിലൂടെ നഗ്നനായി ഓടിയ യുവാവിനെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി.
സംഭവത്തില്‍ ഇരുമ്ബനം പുതിയ റോഡ് ബി എം സി നഗര്‍ എളമനത്തോപ്പില്‍ വീട്ടില്‍ വിഷ്ണു ടി അശോകനെ (26) ഹില്‍പാലസ് പൊലീസ് അറസ്റ്റു ചെയ്തു. തൃപ്പൂണിത്തുറ തെക്കുംഭാഗം ചിത്രാ നഗര്‍ മൂര്‍ക്കാട് വീട്ടില്‍ ശ്രീനിവാസന്റെ മകന്‍ മനോജിനെ(40) യാണ് കഴിഞ്ഞ ആറിന് ഇരുമ്ബനം തണ്ണീര്‍ച്ചാല്‍ പാര്‍ക്കിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് അന്വേഷണത്തില്‍ മനോജ് റോഡിലൂടെ നഗ്നനായി ഓടുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്നും കണ്ടെത്തി. ഇതോടെ സംഭവത്തില്‍ ദുരൂഹത വര്‍ധിച്ചു.

ഈ മാസം അഞ്ചിന് വൈകുന്നേരം ചിത്രപ്പുഴയില്‍ വച്ചായിരുന്നു കൊലപാതകത്തിന് കാരണമായ സംഭവം നടന്നത്. സംഭവത്തിന് ദൃക്സാക്ഷികള്‍ ഉണ്ടായിരുന്നില്ല. പ്രതിയും വിവാഹം നിശ്ചയിച്ചു വച്ചിരുന്ന ഇയാളുടെ പ്രതിശ്രുതവധുവും കൂടി ചിത്രപുഴ റോഡരികില്‍ നിന്ന് വര്‍ത്തമാനം പറഞ്ഞു കൊണ്ടിരിക്കെ മനോജ് ഇതുവഴി നടന്നു വന്നു. മനോജ് പെണ്‍കുട്ടിയോട് മോശമായി സംസാരിച്ചു എന്ന് പറഞ്ഞ് പ്രതി തര്‍ക്കത്തിലാവുകയും പിന്നീട് കയ്യാങ്കളിയിലെത്തുകയായിരുന്നു. മനോജിന്റെ കഴുത്തിന് പിന്നിലും തൊണ്ടയിലും പ്രതി താക്കോല്‍ കൊണ്ട് ഇടിച്ചിരുന്നു. യുവതിയും പ്രതിയും ഉടന്‍ തന്നെ സ്ഥലം വിടുകയും ചെയ്തു. ഇടി കൊണ്ടതോടെ മനോജ് ഓടി പോവുകയും ഏതാനും ദൂരത്തിന് ശേഷം വഴിയില്‍ വീണ് മരിക്കുകയും ചെയ്തു. ഓട്ടത്തിനിടയില്‍ മുണ്ട് അഴിഞ്ഞു പോയതിനാല്‍ അര്‍ധ നഗ്നമായ രീതിയിലായിരുന്നു രാവിലെ മൃതദേഹം കണ്ടെത്തിയത്. നഗ്നനായി ഓടുന്ന ദൃശ്യം സമീപത്തെ സിസിടിവി ക്യാമറകളില്‍ നിന്ന് പൊലീസിന് ലഭിച്ചിരുന്നു.
സി സി ടി വി ദൃശ്യങ്ങളില്‍ നിന്നും പൊലീസിന് സംഭവത്തിന്റെ ഏകദേശ രൂപം കിട്ടിയതോടെ അന്വേഷണം ഊര്‍ജ്ജിതമാക്കുകയായിരുന്നു. കുറച്ചുകാലം മുന്‍പു വരെ കടുത്ത മദ്യപാനി ആയിരുന്നെങ്കിലും അടുത്തിടെയായി ഈ ശീലം പൂര്‍ണമായി ഉപേക്ഷിച്ചിരുന്നതായി മനോജിന്റെ ബന്ധുക്കള്‍ പറയുന്നു. മാനസികമായി ചെറിയ അസ്വസ്ഥതകള്‍ ഉള്ളയാളാണെന്നും അങ്ങനെ എന്തെങ്കിലും പ്രതിയോടും യുവതിയോടും പറഞ്ഞതാകാമെന്നുമാണ് പൊലീസ് നിഗമനം.

കളമശ്ശേരി മെഡിക്കല്‍ കോളജിലേ പൊലീസ് സര്‍ജന്‍ ഡോക്ടര്‍ ഉമേഷ് നടത്തിയ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലാണ് കൊലപാതകം ആണെന്ന് തെളിഞ്ഞത്. ചോദ്യം ചെയ്തപ്പോള്‍ തന്നെ പ്രതി കുറ്റം ഏറ്റുപറയുകയായിരുന്നു. ഹില്‍ പാലസ് സി ഐ കെ ജി അനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
അന്വേഷണ സംഘത്തില്‍ എസ്‌ ഐ കെ അനില, ഓമനക്കുട്ടന്‍, എഎസ്‌ഐമാരായ സജീഷ്, സന്തോഷ് എം ജി, സന്തോഷ്, ഷാജി, സതീഷ്‌കുമാര്‍, സി പി ഒ അനീഷ് എന്നിവര്‍ ഉണ്ടായിരുന്നു. തൃക്കാക്കര അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ പി വി ബേബി സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button