റെയിൽവേ ട്രാക്മാന്റെ സത്യസന്ധത; കോട്ടയം സ്വദേശിനിയായ ജിനി ജോമോന് സമ്മാനിച്ചത് മകളുടെ നഷ്ടമായ സ്വർണവള
കുറ്റിപ്പുറം: റെയിൽവേ ട്രാക്മാന്റെ സത്യസന്ധത കോട്ടയം സ്വദേശിനിയായ ജിനി ജോമോന് സമ്മാനിച്ചത് മകളുടെ നഷ്ടമായ സ്വർണവള. പുതുവർഷത്തലേന്ന് കോഴിക്കോട് നിന്ന് കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെ തിരൂരിനും കുറ്റിപ്പുറത്തിനും ഇടയിലാണ് ജിനിയുടെ മകളുടെ വള ട്രെയിനിന്റെ ജനൽവഴി താഴെവീണത്. ട്രെയിൻ നിർത്താൻ ആലോചിച്ചെങ്കിലും കണ്ടെത്താൻ പ്രയാസമാകുമെന്നു കരുതി ആരോടും പറഞ്ഞില്ല. ഷൊർണൂരിൽ എത്തിയപ്പോൾ പ്ലാറ്റ്ഫോമിൽ കണ്ട പൊലീസ് ഉദ്യോഗസ്ഥരോട് കാര്യം പറഞ്ഞു. അവർ ആവശ്യപ്പെട്ടതനുസരിച്ച് പേപ്പറിൽ എഴുതി നൽകുകയും ചെയ്തു.
വള തിരിച്ചുകിട്ടില്ലെന്നു ഉറപ്പിച്ച് വീട്ടിലെത്തിയെങ്കിലും വൈകാതെ റെയിൽവേ പൊലീസിന്റെ വിളിയെത്തി. നിങ്ങളുടെ വള തിരിച്ചുകിട്ടി. സുധീഷ് എന്നയാൾ ഉടൻ വിളിക്കും. താമസിയാതെ സുധീഷിന്റെ ഫോൺ.. ഞാൻ റെയിൽവേ ട്രാക്മാൻ സുധീഷ്.. വള എന്റെ കയ്യിലുണ്ട്. പുതുവർഷത്തിൽ ഉണ്ടായ സങ്കടം സന്തോഷത്തിന് വഴിമാറിയത് ആ ജീവനക്കാരന്റെ സത്യസന്ധതയോർത്താണെന്നു ജിനി പറഞ്ഞു. കുറ്റിപ്പുറം പള്ളിപ്പടി സ്വദേശിയായ സുധീഷ് 14 വർഷമായി ട്രാക് അറ്റകുറ്റപ്പണി നടത്തുന്നു. ഷൊർണൂരിൽ നിന്ന് റെയിൽവേ പൊലീസ് വിവരം നൽകിയതനുസരിച്ച് ട്രാക് മുഴുവൻ പരതിയാണ് ജിനിയുടെ മകളുടെ വള സുധീഷ് കണ്ടെത്തിയത്