റഷ്യന്‍ മദ്യ കമ്ബനിയുടെ ബിയര്‍ ക്യാനില്‍ ഗാന്ധിജിയുടെ പേരും ചിത്രവും; റഷ്യന്‍ പ്രസിഡന്റിന് കത്തയച്ച് ഗാന്ധി ഫൗണ്ടേഷന്‍

റഷ്യന്‍ മദ്യ കമ്ബനിയുടെ ബിയര്‍ ക്യാനില്‍ മഹാത്മഗാന്ധിയുടെ പേരും ചിത്രവും ഉപയോഗിച്ചതിനെതിരെ പരാതിയുമായി കോട്ടയത്തെ മഹാത്മ ഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍. മദ്യകമ്ബനിയുടെ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടന, റഷ്യന്‍ പ്രസിഡന്റിനും ഇന്ത്യന്‍ പ്രസിഡന്റിനും കത്തയച്ചു. ദേശീയ തലത്തില്‍ തന്നെ റഷ്യന്‍ കമ്ബനിയുടെ നടപടിക്കെതിരെ വലിയ വിവാദമാണ് ഉയരുന്നത്. റഷ്യന്‍ മദ്യ കമ്ബനിയായ റിവോര്‍ട്ട് ബ്രൂവറിയാണ് മഹാത്മാഗാന്ധിയുടെ പേരും ചിത്രവും ഒപ്പും പതിപ്പിച്ച് ബിയര്‍ പുറത്തിറക്കിയത്.
കഴിഞ്ഞ കുറേ ദിവസങ്ങളായി സമൂഹ മാധ്യമങ്ങളില്‍ വലിയ തോതില്‍ റഷ്യന്‍ കമ്ബനിയുടെ നടപടി ചര്‍ച്ചയാവുകയാണ്. ഒഡീഷ മുന്‍ മുഖ്യമന്ത്രി നന്ദിനി സത്പ്തിയുടെ ചെറുമകന്‍ സുപര്‍ണോ സത്പ്തി എകസില്‍ ബിയര്‍ ക്യാനുകളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതോടെ നിരവധി ആളുകള്‍ പ്രതിഷേധവുമായെത്തി. ഇതിനുപിന്നാലെയാണ് പാലാ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മഹാത്മ ഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ പരാതിയുമായി രംഗത്തെത്തിയത്.
ജീവിതത്തിലുടെനീളം മദ്യവിരുദ്ധ നിലപാടുകള്‍ സ്വീകരിച്ച് മഹാത്മാഗാന്ധിയെ അവഹേളിക്കുന്നതാണ് റഷ്യന്‍ സമീപനമെന്നാണ് വിമര്‍ശനം.
