Local newsMALAPPURAM

രാവിലെ ബസ് കൂലിക്ക് ബുദ്ധിമുട്ടി, വൈകിട്ട് കഥമാറി; ഭാഗ്യം തേടിയെത്തിയത് 11 കുടുംബങ്ങളെ

പരപ്പനങ്ങാടി : മൺസൂൺ ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനത്തിന്റെ രൂപത്തിൽ ഇന്നലെ പ്രദേശത്തെ 11 വീടുകളിലേക്കാണ് ഭാഗ്യദേവത കടന്നുവന്നത്. അതിനു കാരണമായതാകട്ടെ, കഴിഞ്ഞ ഓണം ബംപർ ലോട്ടറിയിലൂടെ ലഭിച്ച 1000 രൂപ നൽകിയ പ്രതീക്ഷയും. നഗരത്തിൽ നടന്ന് ലോട്ടറി വിൽക്കുന്നയാളിൽ നിന്ന് ഹരിതകർമ സേനാ പ്രവർത്തകർ ടിക്കറ്റെടുക്കാറുണ്ട്. നേരത്തേ 3 തവണ ബംപർ ലോട്ടറിയെടുത്തിരുന്നു. കഴിഞ്ഞ ഓണം ബംപറിന് 1000 രൂപ ലഭിക്കുകയും ചെയ്തു.

കഴിഞ്ഞ മാസം 15ന് ആണ് മാലിന്യം വേർതിരിക്കുന്ന ജോലിക്കിടെ ലോട്ടറി വിൽപനക്കാരനെത്തിയത്. ഭാഗ്യശാലികളുടെ കൂട്ടത്തിലുള്ള എം.പി.രാധയാണ് അപ്പോൾ സ്ഥലത്തുണ്ടായിരുന്നത്. പണമില്ലാത്തതിനാൽ ടിക്കറ്റ് വേണ്ടെന്ന് അവർ ആദ്യം പറഞ്ഞു. കഴിഞ്ഞ ഓണം ബംപറിന് 1000 രൂപ അടിച്ച കാര്യം ഓർമിപ്പിച്ച വിൽപനക്കാരൻ വീണ്ടും നിർബന്ധിച്ചു. കുറച്ചപ്പുറത്ത് ജോലി ചെയ്തു കൊണ്ടിരുന്നവരോട് കൂടി ആലോചിച്ച ശേഷം രാധ ടിക്കറ്റ് വാങ്ങി. 9 പേർ 25 രൂപ വീതം നൽകി. രണ്ടു പേരുടെ കൈവശം അത്രയും തുകയെടുക്കാനില്ലായിരുന്നു. അവർ പന്ത്രണ്ടര രൂപ വീതമെടുത്താണ് ടിക്കറ്റെടുത്തത്. ആ ടിക്കറ്റാണ് ഭാഗ്യത്തിലേക്കുള്ള വഴിയൊരുക്കിയത്. ഇടയ്ക്ക് ടിക്കറ്റെടുക്കുന്നതാണെങ്കിലും വിൽക്കുന്നയാളുടെ പേര് ഇവർക്കറിയില്ല. ബംപർ ടിക്കറ്റുകൾ മാത്രമാണ് ഇയാൾ വിൽക്കാനെത്താറുള്ളതെന്ന് നാട്ടുകാർ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button