രണ്ടു പതിറ്റാണ്ടായി അന്വേഷണം;
എടപ്പാൾ കോലൊളമ്പ് നിക്ഷേപത്തട്ടിപ്പിൽ കുറ്റപത്രം പോലുമായില്ല


എടപ്പാൾ: സാധാരണക്കാർ ഉൾപ്പെടെ താമസിച്ചിരുന്ന കോലൊളമ്പ് പ്രദേശം ഇരുട്ടി വെളുത്തപ്പോഴേക്കും സമ്പന്നരുടെ നാടായി മാറിയ കാലം. മത്തിയും അയലയും ഉൾപ്പെടെ വിലകുറഞ്ഞ മത്സ്യവുമായി എത്തുന്ന വിൽപനക്കാരോട് ആവോലിയും അയക്കൂറയും ഉണ്ടെങ്കിൽ ഇതുവഴി വന്നാൽ മതിയെന്ന് ചിലർ താക്കീത് നൽകിയിരുന്നതും ചരിത്രം. 3000 കോടിയുടെ കോലൊളമ്പ് നിക്ഷേപത്തട്ടിപ്പിന്റെ പിന്നാമ്പുറങ്ങളിലേക്ക് കണ്ണോടിച്ചാൽ ഇത്തരം അനുഭവ കഥകൾ പലർക്കും പറയാനുണ്ടാകും.
രണ്ടു പതിറ്റാണ്ട് മുൻപാണ് കോലൊളമ്പ് നിക്ഷേപ തട്ടിപ്പ് നടക്കുന്നത്. വിദേശത്തെ റിയൽ എസ്റ്റേറ്റ് മേഖലയിൽ പണം നിക്ഷേപിച്ചാൽ വൻ തുക ലാഭവിഹിതം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചു. ആദ്യഘട്ടത്തിൽ ഒരു ലക്ഷത്തിന് 5000 മുതൽ 15,000 രൂപ വരെ ലഭിച്ചതോടെ പണം നിക്ഷേപിക്കാൻ ആളുകളുടെ ഒഴുക്കായി. ഇതിനിടെ ചിലർ ഇടനിലക്കാരായിനിന്ന് ബന്ധുക്കളിൽനിന്നും സുഹൃത്തുക്കളിൽനിന്നും പണം വാങ്ങി നിക്ഷേപിച്ചു. ചെറിയ ലാഭം ഇവർ എടുക്കും. ബാക്കി നിക്ഷേപകർക്കു കൈമാറും.
ലാഭവിഹിതം കുമിഞ്ഞു കൂടിയതോടെ നിർധനർ ഉൾപ്പെടെ സ്ഥലവും ആഭരണങ്ങളും വിറ്റ് കൂടുതൽ തുക കൈമാറി. ഏറെ കഴിയും മുൻപ് ലാഭം ലഭിക്കുന്നത് വൈകിത്തുടങ്ങി. പിന്നീട് കിട്ടാതായി. സംഗതി പ്രശ്നമാണെന്ന് തിരിച്ചറിഞ്ഞ ചിലർ പണം തിരികെ വാങ്ങിയതോടെ കൂടുതൽ പേർ പണം ആവശ്യപ്പെട്ട് രംഗത്തെത്തി. ഇതോടെ പ്രധാനികൾ മുങ്ങി. ഇടനിലക്കാരായി നിന്നവരോട് നിക്ഷേപകർ പണം ആവശ്യപ്പെട്ടു. നിവൃത്തിയില്ലാതെ ചിലർ ജീവനൊടുക്കി. മറ്റു ചിലർ വീടും സ്ഥലവും ഉൾപ്പെടെ വിൽപന നടത്തി പണം കൈമാറി.
തട്ടിപ്പിൽ 100 കോടി നഷ്ടപ്പെട്ട കോലൊളമ്പ് സ്വദേശി ഉൾപ്പെടെ പരാതിയുമായി രംഗത്തെത്തി. അധികം വൈകാതെ അയൽജില്ലകളിൽ ഉൾപ്പെടെ വിവിധ സ്റ്റേഷനുകളിൽ പരാതികളുടെ പ്രവാഹമായി. ഏതാനും പേരെ അറസ്റ്റ് ചെയ്തു. ചിലർ ഇപ്പോഴും ഒളിവിൽ തന്നെ. ഇവർക്കായി തിരച്ചിൽ നോട്ടിസ് പുറത്തിറക്കിയെങ്കിലും പിടികൂടാനായില്ല. ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. പ്രതികളുടെ ബാങ്ക് ഇടപാടുകളും ഭൂമി ഇടപാടുകളും മരവിപ്പിച്ചു. എന്നാൽ കുറ്റപത്രം ഇനിയും സമർപ്പിച്ചിട്ടില്ല.
വിദേശത്തു നടന്ന ഇടപാടുകൾ ആയതിനാൽ അവിടെ പോയി അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ചിന് പരിമിതികളുണ്ട്. അതുകൊണ്ട് കേസ് സിബിഐക്ക് കൈമാറണമെന്ന ആവശ്യം ഇനിയും പരിഗണിച്ചിട്ടില്ല. പ്രതികളുടെ കണ്ടുകെട്ടിയ സ്വത്ത് വിൽപന നടത്തി പണം നഷ്ടപ്പെട്ടവർക്ക് നൽകണമെന്ന ആവശ്യവും പരിഗണിച്ചില്ല. ഒരു കാലത്ത് വലിയ സമ്പന്നരായി ജീവിച്ചിരുന്ന പലരും ഇന്ന് ദരിദ്രജീവിതമാണു നയിക്കുന്നത്.
