റോഡ് പണിയുന്നു പൈപ്പെല്ലാം പുറത്തും


എടപ്പാൾ: കുണ്ടയാർ പാലം പണിതിട്ടും അപ്രോച്ച് റോഡ് പണിയാത്തതുമൂലമുള്ള പ്രയാസത്തിന് അറുതിയാകുമ്പോൾ മറ്റൊരാശങ്കയുമായി പ്രദേശവാസികൾ. റോഡ് പണിയുന്നതിനായി ഇതുവഴി പോയിരുന്ന കുടിവെള്ളപൈപ്പുകളെല്ലാം മാന്തിയെടുത്ത് വശങ്ങളിലേക്ക് മാറ്റിവെച്ചിരുന്നു.
അവയൊന്നും പഴയപടി പുനഃസ്ഥാപിക്കാതെയാണ് ഇപ്പോൾ റോഡ് പണി പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. റോഡ് പണിത് കരാറുകാർ പോയാലുടൻ വാട്ടർ അതോറിറ്റിക്കാർ വന്ന് റോഡ് പൊളിക്കുമോയെന്ന ആശങ്കയാണ് ഇപ്പോൾ നാട്ടുകാരെ വലയ്ക്കുന്നത്. എടപ്പാൾ, കാലടി ഗ്രാമപ്പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതും കാലടി പഞ്ചായത്തിലെ പോത്തനൂർ, നരിപ്പറമ്പ്, പാറപ്പുറം, കാടഞ്ചേരി തുടങ്ങി വിവിധ പ്രദേശങ്ങളിലെ ജനങ്ങൾക്ക് എടപ്പാൾ, പൊന്നാനി, ചങ്ങരംകുളം തുടങ്ങിയ സ്ഥലങ്ങളിലേക്കെത്തിപ്പെടുന്നതിനുമുള്ള ഏക പാതയിലാണ് കുണ്ടയാർ പാലം.
രണ്ടു വർഷത്തോളം ഈ പാലം പൊളിച്ചിട്ടതിനാൽ ജനങ്ങൾ ഏറെ പ്രയാസപ്പെട്ടിരുന്നു. പാലം തുറന്നിട്ടും അപ്രോച്ച് റോഡില്ലാത്തതായിരുന്നു പിന്നീടനുഭവിച്ച പ്രയാസം. പാലം നിർമാണത്തിനനുവദിച്ച തുകയിൽ അപ്രോച്ച് റോഡിന് തുകയനുവദിക്കാത്തതായിരുന്നു ഇതിനു കാരണം. പിന്നീട് അപ്രോച്ച് റോഡിന് തുകയനുവദിച്ച് പ്ലാൻ തയ്യാറാക്കി പണി അന്തിമഘട്ടത്തിലെത്തിയപ്പോഴാണ് പുതിയ ആശങ്ക ഉടലെടുത്തിട്ടുള്ളത്. റോഡ് ടാർ ചെയ്യുംമുൻപ് പൈപ്പുകൾ പഴയപടിയാക്കി പുനഃസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
റാമ്പുണ്ടായിരുന്നത് ഇല്ലാതായി
റോഡിൽനിന്ന് ഇവിടെയുള്ള കുണ്ടയാർ തോട്ടിലേക്കിറങ്ങാൻ നേരത്തെ ഒരു റാമ്പുണ്ടായിരുന്നു. പുതിയ പാലവും റോഡും വന്നതോടെ ഇത് കുത്തനെയുള്ള പടികളായി മാറി. ഈ തോട്ടിൽ മണ്ഡലകാലത്തടക്കം നിരവധി പേർ കുളിക്കാൻ വന്നിരുന്നത് ഇതിലൂടെയായിരുന്നു. വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കുമൊന്നും ഇപ്പോഴത്തെ പടികളിലൂടെ ഇറങ്ങാനാവില്ല. വയലിലേക്ക് കന്നുകാലികൾ മേയാനിറങ്ങിയിരുന്നതും കാർഷിക ഉപകരണങ്ങളിറക്കിയിരുന്നതും ഈ റാമ്പുകളിലൂടെയായിരുന്നു. അതും ഇനി പ്രയാസമാകും.
