മോഹൻലാൽ ചിത്രം ദൃശ്യം 3 ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കും

മലയാളികളെ ഒന്നടങ്കം ആകാംഷയിലാക്കി മോഹൻലാൽ ചിത്രം ‘ദൃശ്യം 3’ യുടെ ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കുമെന്ന് ഔദ്യോഗിക പ്രഖ്യാപനം എത്തി. ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ അപ്‌ഡേറ്റ് മോഹൻലാൽ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
Drishyam3” എന്ന കുറിപ്പോടെയാണ് മോഹൻലാൽ ഈ സന്തോഷ വാർത്ത അറിയിച്ചത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മിക്കുന്നത്. 2013-ൽ പുറത്തിറങ്ങിയ ‘ദൃശ്യം’, 2021-ൽ പുറത്തിറങ്ങിയ ‘ദൃശ്യം 2’ എന്നീ ചിത്രങ്ങൾ മലയാളത്തിൽ വലിയ വിജയങ്ങൾ നേടുകയും മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തിരുന്നു. ജോർജ്ജുകുട്ടി എന്ന സാധാരണക്കാരൻ തന്റെ കുടുംബത്തെ രക്ഷിക്കാൻ നടത്തുന്ന ബുദ്ധിപരമായ നീക്കങ്ങൾ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയിരുന്നു.
ഹിന്ദിയിൽ അജയ് ദേവ്ഗൺ നായകനായ ‘ദൃശ്യം 3’ യുടെ ചിത്രീകരണവും ഒക്ടോബറിൽ ആരംഭിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. മലയാളം പതിപ്പ് ഹിന്ദി റീമേക്കിന് മുൻപ് എത്തുമോ എന്ന ആകാംഷയിലാണ് സിനിമാ പ്രേമികൾ. ദൃശ്യം 3 യുടെ വരവോടെ ജോർജ്ജുകുട്ടിയുടെ കഥയ്ക്ക് ഒരു പൂർണ്ണവിരാമമാകുമോ എന്നും ആരാധകർ ഉറ്റുനോക്കുന്നുണ്ട്.













